kerala-police

കൊച്ചി: മോഷണ പരമ്പരയിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതമെന്ന തമിഴ്‌നാട് കുളച്ചൽ സ്വദേശി ജോൺസണെ (53) പൊലീസ് പിടികൂടിയത് അതി സാഹസികമായി. കലൂർ സ്റ്റേഡിയത്തിന് സമീപം കട കുത്തിതുറക്കാനുള്ള ശ്രമത്തിനിടെയാണ് മരിയാർ പൂതത്തെ നൈറ്റ് പട്രോളിംഗിന് ഇറങ്ങിയ പാലരിവട്ടം പൊലീസ് സംഘം കണ്ടത്. എന്നും തലവേദനയായ മോഷ്ടാവിനെ ഒറ്റ നോട്ടത്തിൽ പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ, പൊലീസിനെ കണ്ട മരിയാർ പൂതം മിന്നൽ പോലെ ബൈക്കിൽ പാഞ്ഞു. വിട്ടുകൊടുക്കാൻ പൊലീസും തയ്യാറായില്ല. പൊലീസ് ജീപ്പും പിന്നാലെ കുതിച്ചു. ചിറ്റൂർ ഭാഗത്ത് വച്ച് പൂതത്തെ പൊലീസ് വലയിലാക്കുകയായിരുന്നു. കൈയിൽ ആയുധങ്ങളുമായി കറങ്ങി നടക്കുന്ന ഇയാൾ പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി. ഇന്നലെ രാത്രി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം, നിരവധി മോഷണ കേസുകൾ ഇയാളുടെ പേരിൽ ഉള്ളതിനാൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പലാരിവട്ടം എസ്.ഐ പറഞ്ഞു. അടുത്ത ദിവസം കസ്റ്റഡി അപക്ഷേ നൽകും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശാനുസരണം അന്വേഷണം ശക്തമായി നടത്തിവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മരിയാർ പൂതം പിടിയിലാകുന്നത്. പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ സ്ഥാപനത്തിൽ നിന്നും 1,10,000 രൂപ കവർന്ന കേസിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്നും മോഷണം നടത്താൻ ഉപയോഗിക്കുന്നതിനായുള്ള ആയുധങ്ങളും 25 പവൻ സ്വർണവും ഫോറിൻ കറൻസികളും പിടിച്ചെടുത്തിട്ടുണ്ട്. പാലാരിവട്ടം എസ്.ഐ പി.എസ് ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്..

40 വർഷം, 400 മോഷണം

കഴിഞ്ഞ 40 വർഷമായി കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവടങ്ങളിലായ 400ലധികം വീടുകളും കടകളുമാണ് മരിയാർ പൂതം കുത്തിത്തുറന്ന് മോഷണം നടത്തിയത്. 20 വർഷത്തിലധികം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ അഞ്ചു പ്രാവശ്യം ഗുണ്ടാ ആക്ട് പ്രകാരവും പിടിയിലായി. 2018 നവംബറിൽ പോണ്ടിച്ചേരി ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മരിയാർ പൂതം തട്ടകം കേരളത്തിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് പാലാരിവട്ടം പൊലീസിന്റെ പിടി വീണത്. കഴിഞ്ഞ ഒരു മാസമായി ഇയാൾ എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ചെന്നൈ പുരസരവാക്കം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഊർജിതമാക്കിയതോടെയാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. ജില്ലയിൽ എറണാകുളം സൗത്ത്, നോർത്ത് പൊലിസ്, സെൻട്രൽ പൊലീസ് എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്ത മോഷണകേസുകളിൽ ഇയാൾ പ്രതിയാണ്.