കള്ളവുമില്ലാ, ചതിയുമില്ലാ, എള്ളോളമില്ല പൊളിവചനം എന്നത് മഹാബലിയുടെ സ്വന്തം മുദ്രാവാക്യം മാത്രമാണെന്ന് ധരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി, സഹോദരാ!
പിണറായി സഖാവ് തൊട്ട് എം.വി. ജയരാജൻ സഖാവ് വരെയുള്ളവരെക്കുറിച്ച് ഒരു ചുക്കും അറിയാത്തത് കൊണ്ടുണ്ടായ തെറ്റിദ്ധാരണയാവാം സഹോദരന്റെ ഈ ചിന്തയ്ക്ക് കാരണമായിത്തീർന്നത്. അതു സാരമാക്കേണ്ട. പറഞ്ഞുവന്നത്, പിണറായി സഖാവിന്റെ കാലം കള്ളവുമില്ലാ, ചതിയുമില്ലാ, എള്ളോളമില്ലാ പൊളിവചനം എന്ന സുന്ദരകാലമാണ് എന്നുതന്നെ.
അങ്ങനെയൊരു സുന്ദരകാലത്ത് കള്ളവോട്ടേതാ, സത്യവോട്ടേതാ എന്ന് തിരിച്ചറിയാൻ ടിക്കാറാം മീണയല്ല, ഏത് മീണ വിചാരിച്ചാലും നടക്കണമെന്നില്ല. മീണയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന് തിരിച്ചറിയാൻ കോടിയേരി സഖാവിന് സാധിക്കും. ടീയെൻ ശേഷന്റെ വകയിലൊരു ശേഷകാരനാണ് ടിക്കാറാം മീണ എന്ന് ഉറച്ച ബോദ്ധ്യമുള്ളത് കൊണ്ടാണ് കോടിയേരി സഖാവിന് അത് സാധിക്കുന്നത്. കോടിയേരി സഖാവ് സദാ അനുകമ്പയും പേറി നടക്കുന്ന ദേഹിയായത് കൊണ്ട് മീണയ്ക്ക് തടി കേടാവാതെ പോകാനായി എന്നോർത്ത് സമാധാനിക്കുകയാണ് വേണ്ടത്. വല്ല ഈപിയണ്ണനോ മറ്റോ ആയിരുന്നെങ്കിലറിയാമായിരുന്നു, സംഗതി! അതവിടെ നിൽക്കട്ടെ.
ഈ കള്ളവുമില്ലാ, ചതിയുമില്ലാ കാലത്തെ വോട്ട് സത്യവോട്ടോ കള്ളവോട്ടോ എന്ന് ചോദിച്ചാൽ ടിക്കാറാം മീണയല്ല, ടീയെൻ ശേഷൻ പോലും മൂക്കിലും ചുണ്ടിലുമായി തള്ളവിരല് തട്ടിത്തട്ടി ആലോചിച്ച് തല പുണ്ണാക്കുമെന്നുറപ്പാണ്. അത് പിണറായി സഖാവിന്റെ കാലത്തിന്റെ സവിശേഷതയാണ്. പിലാത്തറ എ.യു.പി സ്കൂളിലെ 'സത്യവോട്ടി'ന് കള്ളവോട്ടിന്റെ ചുവയോ അതോ കള്ളവോട്ടിന് 'സത്യവോട്ടി'ന്റെ ഛായയോ എന്ന് ചിന്തിക്കുന്നവരാരായാലും സ്ഥലജലവിഭ്രാന്തി പിടിപെട്ടവനെ പോലെ വശംകെട്ടുപോയേക്കും. അത് സ്വാഭാവികമായൊരു പ്രക്രിയയാണ്. ടീയെൻ ശേഷന്റെ ശേഷകാരനായത് കൊണ്ട് മാത്രമാണ് ടിക്കാറാം മീണ പിടിച്ചുനിൽക്കുന്നത്. അതുകൊണ്ടാണ് പിലാത്തറ സ്കൂളിന്റെ വരാന്തയിൽ ചില 'സത്യവോട്ടുകൾ' കണ്ടിട്ട് മീണയ്ക്ക് ചില സംശയങ്ങളുണ്ടായത്. എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് എന്ന് മീണ മൂന്നുവട്ടം ചോദിച്ചുവത്രെ. കോടിയേരി സഖാവോ എം.വി. ജയരാജൻ സഖാവോ അതിൽ പരിഭവിച്ചിട്ട് കാര്യമില്ല. സത്യത്തിൽ അവർ സന്തോഷിക്കുകയായിരുന്നു വേണ്ടത്. അല്ലെങ്കിലും മാർക്സ് പറയേണ്ടിയിരുന്നതാണ് ശരി: 'കള്ളവോട്ടുകളും കൂടിയായാലേ ജനകീയ ജനാധിപത്യം പുഷ്കലമാവുകയുള്ളൂ.'
കാസർകോട്ടും കണ്ണൂരുമെല്ലാം 'സത്യവോട്ടുകൾ' മാത്രമാണെന്നറിയാത്ത ഏത് ഗാന്ധിത്തലയാണുള്ളത്! മുല്ലപ്പള്ളി ഗാന്ധിയും സുധാകര ഗാന്ധിയും തമ്മിൽ കണ്ടാൽ കീരിയും പാമ്പും പോലെയാണെങ്കിലും സത്യവോട്ടിന്റെ കാര്യത്തിൽ അവർക്ക് അഭിപ്രായഭിന്നതയേതുമില്ല. സുധാകരഗാന്ധി ആഹ്വാനം ചെയ്യുന്നത് പോലും സത്യവോട്ട് ചെയ്യാൻ മാത്രമാണ്. കേൾക്കുന്നവർക്ക് ചിലപ്പോളത് നിങ്ങൾ കള്ളവോട്ട് ചെയ്യൂ, സഹോദരാ എന്ന് ആഹ്വാനം ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ടാകും. അത് കേൾവിത്തകരാർ കൊണ്ടാണ്. ആ ചെവി അറുത്തുമാറ്റിക്കഴിഞ്ഞാൽ പ്രശ്നമങ്ങ് തീരും. പഴയങ്ങാടിയിലോ തളിപ്പറമ്പിലോ കാസർകോട്ടോ ഉദുമയിലോ ലീഗിന്റെ കോണിപ്പട പടപടയായെത്തുന്നതും സത്യവോട്ട് ചെയ്യാൻ വേണ്ടി മാത്രമാണ്. അത് സുധാകരഗാന്ധിക്ക് നല്ലപോലെ അറിയാം. ടിക്കാറാം മീണയ്ക്ക് ഇതെല്ലാം മനസ്സിലാവുന്ന ഒരു കാലം വരും, വരാതിരിക്കില്ല. അപ്പോൾ മീണ തന്നെ പറയുമായിരിക്കും, 'പാവം സത്യവോട്ടിനെ സംശയിച്ചു, വെറുതേ!'
മീണയുടെ ആ നല്ല മാറ്റത്തിനായി നമുക്ക് കാത്തിരിക്കാം.
ഞാനൊരു പാവമാണെന്ന് മാലോകർ കേൾക്കെ നമോജി പറയുന്നു. നടൻ അക്ഷയകുമാറിനോട് തുറന്ന് പറഞ്ഞത് നാലാളുകൾ അതറിയട്ടെ എന്ന് കരുതിത്തന്നെയാണ്.
ന.മോ.ജി ഇട്ട് നടക്കുന്ന കുർത്ത കണ്ടിട്ടോ, പൈജാമ കണ്ടിട്ടോ എന്തിനേറെ ന.മോ.ജിയുടെ ആ സുന്ദരമായ താടി കണ്ടിട്ടോ ആളുകൾ പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാവും, ആളൊരു മഹാധനികനാണെന്ന്! അതല്ല സത്യം. ന.മോ.ജിയുടെ പട്ടിണി കണ്ടറിഞ്ഞ് മമതാദീദി രസഗുള ടൺകണക്കിനാണ് ന.മോ.ജിക്ക് കൊടുത്തയക്കാറ്. വെള്ളപ്പൊക്കത്തിൽ പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതായിപ്പോയവർക്ക് കൊടുത്തയക്കാറുള്ളത് പോലെ വർഷാവർഷം നാലഞ്ച് കുർത്തകളും ദീദി ന.മോ.ജിക്ക് കൊടുത്തയക്കുമായിരുന്നു. ന.മോ.ജി ജീവിച്ചുപോകുന്നത് തന്നെ അതുകൊണ്ടായിരുന്നു.
ജീവകാരുണ്യപ്രവർത്തനം ആരുമറിയാതെ നടത്തുന്നതാണ് മമതാദീദിയുടെ ശീലം എന്നതിനാൽ ദീദി അതിതുവരെയും പുറത്ത് പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ ന.മോ.ജി അത് പരസ്യപ്പെടുത്തിക്കളഞ്ഞു. തന്റെ മുഴുപ്പട്ടിണി മാറ്റിയ ദീദിയുടെ രസഗുളകളെപ്പറ്റി. ദീദി കൊടുത്തയച്ചിരുന്ന രസഗുളകൾ മണ്ണും ചരലും ചേർത്തുണ്ടാക്കിയെടുത്തതായിട്ടും ന.മോ.ജി അതെല്ലാം തിന്നുതീർത്തുവെന്ന് കേട്ടാൽ ആര് ഞെട്ടാതിരിക്കും. എന്നിട്ടും ന.മോ.ജിയുടെ വയറ് കേടുകൂടാതെ നിലനിൽക്കുന്നുവെന്ന് കൂടി അറിയുമ്പോൾ. ലോലഹൃദയരായിരുന്നെങ്കിൽ ഹൃദയാഘാതം വന്ന് തട്ടിപ്പോയേനെ.
. ദീദിയുടെ കൂട്ടത്തിലെ നാല്പത് എം.എൽ.എമാരെ കൂടി താൻ വാ പിളർന്നാൽ കാണാനിടയുണ്ട് എന്ന മുന്നറിയിപ്പ് കൂടി ന.മോ.ജി നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഫാനി ചുഴലിയെ പേടിച്ച മലയാളികളുടെ പരുവത്തിലായിരിക്കുകയാണ് ദീദി എന്നാണ് വർത്തമാനം.
ഇ-മെയിൽ: dronar.keralakaumudi@gmail.com