തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ പതിനൊന്ന് ലക്ഷത്തോളംപേർക്ക് സഹായകമാകുന്ന 'മെഡിസെപ്' എന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ ഏൽപ്പിക്കുന്നതിൽ ജീവനക്കാർക്കിടയിൽ അതൃപ്തി പുകയുന്നു. ഇടതുമുന്നണിയിലെ ചില കക്ഷികൾക്കും അത്ര താത്പര്യം പോരാ എന്നാണ് വിവരം. സർക്കാർ ടെൻഡർ വിളിച്ച് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തതുകൊണ്ടാണ് റിലയൻസ് ജനറൽ ഇൻഷ്വറൻസ് എന്ന കമ്പനിയെ ഏൽപ്പിക്കുന്നതെങ്കിലും വരുംദിവസങ്ങളിൽ ഇത് വിവാദമായി മാറാൻ ഇടയുണ്ട്.
ജീവനക്കാരുടെ ഇൻഷ്വറൻസ് പദ്ധതി റിലയൻസിന് നൽകുന്നതിൽ സി.പി.എമ്മിലും ഒരുപക്ഷേ, ചോദ്യങ്ങൾ ഉയർന്നേക്കാം. റിലയൻസ് വന്നതിനെക്കുറിച്ച് പരിശോധിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ 'ഫ്ളാഷി'നോട് പ്രതികരിച്ചതും ഇത് വിവാദമാകാനുള്ള സാദ്ധ്യതയുള്ളതു കൊണ്ടാണെന്ന് വിലയിരുത്തുന്നു. പ്രതിപക്ഷ മുന്നണിയായ യു.ഡി.എഫ് ഇക്കാര്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് അനിൽ അംബാനിയെ ഏൽപ്പിച്ചത് വഞ്ചനയാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. സ്വകാര്യ കുത്തക കമ്പനിയായ റിലയൻസിനെ ഏൽപ്പിച്ചതിലൂടെ ഇടതുസർക്കാർ അതിന്റെ തനിനിറം വീണ്ടും പുറത്തുകാട്ടിയിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.
ജീവനക്കാരുടേയും പെൻഷൻകാരുടേയും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപാവരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് മെഡിസെപ്. പ്രതിമാസം 250 രൂപയാണ് ജീവനക്കാർ പ്രീമിയമായി നൽകേണ്ടത്. പ്രതിവർഷം 300 കോടിയിലേറെ രൂപയാണ് ഇതുവഴി റിലയൻസിന് കിട്ടുക. പരിധിയില്ലാത്ത വിധത്തിൽ ചികിത്സയ്ക്ക് റീംഇംബേഴ്സ്‌മെന്റ് നൽകുന്ന പദ്ധതിയാണ് നിലവിലുള്ളത്.
പെൻഷൻ പദ്ധതി റിലയൻസിനെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്തുവന്നപ്പോൾ ഭരണകക്ഷി അനുകൂല സംഘടനകൾ പ്രതികരിച്ചിട്ടില്ല. അതേസമയം കേന്ദ്രസർക്കാർ, റിലയൻസിനെയും അംബാനിയെയും സഹായിക്കുന്നു എന്ന ആരോപണം ഉയർത്തുമ്പോൾ കേരളത്തിൽ ജീവനക്കാരുടെ ഇൻഷ്വറൻസ് പദ്ധതി അംബാനിയെ ഏൽപ്പിക്കുന്നതിൽ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമോ എന്ന കാര്യത്തിൽ ഭരണകക്ഷികൾക്കകത്തുതന്നെ ആശങ്ക ഉയരുന്നുണ്ടെന്നാണ് സൂചന.
നിലവിലെ റീ ഇംബേഴ്സ്‌മെന്റ് സ്കീം പ്രകാരം സംസ്ഥാന സർക്കാരിന് പ്രതിവർഷം ശരാശരി 220 കോടി രൂപയുടെ ചെലവാണ് വരുന്നത്. എന്നാൽ, പുതിയ പദ്ധതിയിൽ സർക്കാർ പ്രീമിയം അടയ്ക്കേണ്ടതില്ല. സർക്കാർ കൂടി പ്രീമിയം അടയ്ക്കുന്ന രീതിയിൽ പദ്ധതി പുനരാവിഷ്കരിക്കണമെന്നാണ് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നത്. പുതിയ പദ്ധതി തുടങ്ങുമ്പോഴും നിലവിലെ സ്കീം തുടരണമെന്നും അവർ ആവശ്യപ്പെടുന്നു. ധനകാര്യ വകുപ്പാണ് റീ ഇംബേഴ്സ്‌മെന്റ് പദ്ധതി കൈകാര്യം ചെയ്യുന്നത്. ഇത് ധനവകുപ്പിൽ നിന്ന് മാറ്രി ആയുഷമാൻ പദ്ധതി കൈകാര്യം ചെയ്യുന്ന ചിയാക്കിനെ ഏൽപ്പിക്കാൻ നീക്കമുണ്ടെന്നും സൂചനയുണ്ട്.
അപാകതയില്ല
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി റിലയൻസിനെ ഏൽപ്പിച്ചതിൽ അപാകതയില്ല. നിലവിലുള്ള ഇൻഷ്വറൻസ് റഗുലേഷൻസ് പ്രകാരം കുറഞ്ഞ തുക ക്വാട്ട് ചെയ്തവർക്കാണ് നൽകിയത്.
എ. വിജയരാഘവൻ, എൽ.ഡി.എഫ് കൺവീനർ
പരിശോധിക്കും
പദ്ധതിയെക്കുറിച്ചുള്ള ഉത്തരവായിട്ടില്ല. സർക്കാർ ടെൻഡർ വിളിച്ചാണ് നടപടിക്രമങ്ങൾ നടത്തിയത്. അതേസമയം മറ്ര് വിശദാംശങ്ങൾ തിരക്കും. റിലയൻസ് വന്നതിനെക്കുറിച്ച് പരിശോധിക്കും.
കാനം രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി
സർക്കാരിനെ അറിയിക്കും
പദ്ധതി സംബന്ധിച്ച് ജീവനക്കാരുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള തങ്ങളുടെ വിശദമായ അഭിപ്രായം സർക്കാരിനെ അറിയിക്കും.
വി.മാത്തുക്കുട്ടി, എൻ.ജി.ഒ യൂണിയൻ നേതാവ്