നാരായണഗുരുകുല കൺവെൻഷൻ തുടങ്ങിയ ദിവസം. ഒരു ഭക്തൻ ഒരു കദളിവാഴക്കുല കൊണ്ടുവന്നു സമർപ്പിച്ചു. തന്നത്താൻ കൃഷി ചെയ്തുണ്ടാക്കിയത്. എന്റെയടുത്തു വരുന്നവർക്കെല്ലാം ഓരോ പഴം ഞാൻ കൊടുത്തുകൊണ്ടിരുന്നു. ഒരാൾ അതു വാങ്ങി കഴിച്ചിന്നിട്ടു പ്രതികരിച്ചു,
''നല്ല ഔഷധഗുണമുള്ളതാണെങ്കിലും ഈ പഴത്തിന് നല്ല സ്വാദില്ല."
''എല്ലാ ജാതി വാഴപ്പഴത്തിനും ഒരേ സ്വാദാണോ?"
''അല്ല."
''എല്ലാ പഴങ്ങളും നല്ലതല്ലേ?"
''ആണ്."
''ഓരോ ജാതി പഴത്തിനും ഉണ്ട് അതിന്റേതായ സ്വാദും ഗുണവും. അതു മനസിലാക്കി ആസ്വദിക്കാൻ പഠിക്കണം. അപ്പോൾ മനസിലാകും, നല്ലതല്ലാത്ത ഒരു ജാതി പഴവും ഇല്ലെന്ന്."
''ഇതുതന്നെയാണ് മനുഷ്യരെ വിലയിരുത്തുന്നതിലും വേണ്ടത്. ഓരോ മനുഷ്യനുമുണ്ട് അയാളുടേതായ വൈശിഷ്ട്യം. അതു കണ്ടെത്തി ഓരോരുത്തരെയും അവരവരുടേതായ തരത്തിൽ നല്ലവരായി കാണാൻ പഠിക്കണം. അപ്പോൾ മനസിലാകും, എല്ലാവരും നല്ലവരാണെന്ന്. അപ്പോൾ ആരെയും വെറുക്കേണ്ടിയും വരില്ല."
''തമ്മിലിണങ്ങിപ്പോകാൻ നിവൃത്തിയില്ലാത്ത ഒരാളുമായി എങ്ങനെ സഹകരിച്ചുപോകും?"
'' 'അയാളുടെ നന്മയും എന്റെ നന്മയും രണ്ടു തരത്തിലുള്ളതാണ് " എന്നറിഞ്ഞ് അയാളുമായി അകന്നു നിന്നാൽ മതിയല്ലോ. ലോകത്തിലുള്ള എല്ലാ മനുഷ്യരുമായി ഇണങ്ങിപ്പോകേണ്ട ആവശ്യം ആർക്കും ഉണ്ടാകാറില്ല. സ്വന്തം നന്മയുമായി ഇണങ്ങിപ്പോകുന്ന നന്മയുള്ളവരോട് അടുത്തു സഹകരിക്കാം. അങ്ങനെയല്ലാത്തവരുടെ നന്മയെ അകലെനിന്നുകൊണ്ട് കണ്ട് ആസ്വദിക്കാം. ഇങ്ങനെയൊക്കെയായാൽ വ്യക്തിജീവിതത്തിലും സമൂഹത്തിലും അസ്വാരസ്യം ഉണ്ടാകാതെ ജീവിതത്തെ സ്വാദുള്ള പഴം പോലെയാക്കിത്തീർക്കാം."