തിരുവനന്തപുരം : സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും 415 കേസുകളിലായി പാട്ടകുടിശ്ശിക ഇനത്തിൽ കിട്ടേണ്ട 1155.31 കോടി രൂപ പിരിച്ചെടുക്കാൻ ശ്രമമില്ല. പാട്ടക്കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ വ്യക്തികൾ കൈവശം വച്ചിട്ടുള്ള കോടികൾ വിലമതിക്കുന്ന റവന്യൂ ഭൂമി പിടിച്ചെടുക്കുമെന്നും കുടിശ്ശിക ഉടൻ പിരിക്കുമെന്നും റവന്യു മന്ത്രി നിയമസഭയെ അറിയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ മെല്ലെപ്പോക്കിലാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ കുടിശ്ശിക കേസുകളുള്ളത്. 96 കേസുകളിലായി 585.41കോടി രൂപ പിരിക്കാനുണ്ട്. വയനാട് ജില്ലയിൽ കുടിശ്ശികയില്ല .
548.47 ഹെക്ടർ റവന്യൂ ഭൂമിയാണ് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈവശം വച്ചിട്ടുള്ളത്. നോട്ടീസ് നൽകി അവരുടെ ഭാഗം കേട്ടശേഷം തുക പിരിച്ചെടുക്കാനായിരുന്നു തീരുമാനം. ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകാതെ വന്നതോടെ പാട്ടം റദ്ദു ചെയ്ത് സർക്കാരിലേക്ക് തിരിച്ചെടുക്കാനായി നിർദേശം. കുടിശ്ശികക്കാർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിക്കുന്നതിനായി ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണർ കൺവീനറായും ധന, നിയമ, റവന്യൂ സെക്രട്ടറിമാർ അംഗങ്ങളായും രൂപീകരിച്ച കമ്മിറ്റിയുടെ ശുപാർശയയിലും നടപടിയായില്ല. മൂന്നു വർഷം കൂടുമ്പോൾ പാട്ടത്തുക പുതുക്കി നിശ്ചയിക്കണമെന്ന വ്യവസ്ഥയും പാലിച്ചില്ല.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഹാരിസൺ കമ്പനി കൈവശം വച്ചിട്ടുള്ള 38,171 ഏക്കർ ഭൂമി ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാൻ ലാൻഡ് റിസംപ്‌ഷൻ സ്‌പെഷ്യൽ ഓഫീസർ ഉത്തരവിറക്കിയിരുന്നെങ്കിലും കമ്പനി സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. വിധിക്കെതിരെ സർക്കാർ നൽകിയ കേസിൽ ഭൂമിയുടെ ഉടമസ്ഥതാവകാശം സർക്കാരിനാണെന്ന് സ്ഥാപിച്ചെടുക്കണമെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാനായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവായത്.

പാട്ടക്കാലാവധി കഴിഞ്ഞ

ഭൂമിയുടെ വിശദാംശങ്ങൾ

ജില്ല - കേസ് - തുക
തിരുവനന്തപുരം 85 - 154.07കോടി
കൊല്ലം 49 - 95.66കോടി
ആലപ്പുഴ 14 - 1.46കോടി
പത്തനംതിട്ട 28 - 4.84കോടി
കോട്ടയം 14 - 11.38കോടി
ഇടുക്കി 31 - 26.44ലക്ഷം
എറണാകുളം 96 - 585.41കോടി
തൃശൂർ 21 - 213.17കോടി
പാലക്കാട് 9 - 3.41കോടി
മലപ്പുറം 10 - 11. 50 കോടി
കോഴിക്കോട് 11 - 70.33കോടി
കണ്ണൂർ 16 - 31.90 ലക്ഷം
കാസർകോട് 31 - 3.50 കോടി

അലംഭാവമില്ല, തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതാണ് കാലതാമസത്തന് കാരണം

ഡോ .വി.വേണു
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി