നായർ സമുദായാംഗങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന വിവാഹ ധൂർത്തിനെക്കുറിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംഘടനയുടെ മുഖപത്രമായ സർവീസിൽ എഴുതിയ മുഖപ്രസംഗം നായർ സമുദായക്കാരെ മാത്രമല്ല മറ്റു സമുദായങ്ങളിലുള്ളവരെയും പ്രചോദിപ്പിക്കേണ്ടതാണ്. സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ കാലംതൊട്ടേ നായർ സമുദായത്തിൽ നടക്കുന്ന ആഡംബര ഭ്രമത്തിനെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്നു.
കുഞ്ഞിന്റെ നൂലുകെട്ടു മുതൽ വിവാഹവും മരണവും വരെ ആഡംബരപൂർവമായി നടത്തി കുടുംബം വരെ കുളം തോണ്ടിയവർ പണ്ടുകാലത്ത് ഏറെ ഉണ്ടായിരുന്നു. ഇതൊക്കെ കണ്ടു സഹികെട്ടാണ് ആഘോഷങ്ങൾക്ക് നിയന്ത്രണം വേണമെന്ന് അദ്ദേഹം സമുദായാംഗങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നത്. ധനിക കുടുംബങ്ങൾ പോലും പലവിധ ആഘോഷങ്ങളും ആഡംബര ധൂർത്തും നടത്തി ക്ഷയിച്ചുപോയിട്ടുണ്ട്. ചുറ്റിലുമുള്ള സമ്പന്ന വിഭാഗങ്ങൾ കാണിക്കുന്ന ആഡംബരത്തിനൊപ്പം നിൽക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് പലപ്പോഴും ഇത്തരം ചിന്താഗതി ഉടലെടുക്കുന്നത്. കുടുംബം പണയപ്പെടുത്തിയിട്ടായാലും മകളുടെ കല്യാണം നാലുപേരേ അതിശയിപ്പിക്കുന്ന രീതിയിൽത്തന്നെ നടത്തണമെന്ന ആഗ്രഹം അന്നത്തെ കാലത്തു മാത്രമല്ല ഇന്നും പ്രബലമായി നിലനിൽക്കുകയാണ്. വിവാഹം ഉൾപ്പെടെ ഏതു കുടുംബചടങ്ങും തിമിർത്ത് ആഘോഷിക്കുകയാണ് ഇപ്പോഴത്തെ രീതി. ആഘോഷങ്ങൾ അനാർഭാടവും ലളിതവും ധൂർത്ത് പരമാവധി ഒഴിവാക്കിയും വേണം നടത്തേണ്ടത് എന്ന സമുദായ നേതാക്കളുടെ വാക്കുകൾ ചെവിക്കൊള്ളാൻ അധികമാരും തയ്യാറാകുന്നില്ല. മഹാന്മാരെ പൂവിട്ടു പൂജിക്കുകയും സമുദായത്തിനു ഗുണകരമായ അവരുടെ വാക്കുകൾ വിസ്മരിക്കുകയുമാണ് ചെയ്യുന്നത്.
നായർ സമുദായാംഗങ്ങളുടെ മാത്രമല്ല മറ്റു സമുദായങ്ങളിൽ പെട്ടവരുടെയും വിവാഹവേദികൾ ലളിതവും അനാർഭാടവുമായാൽ അതിന്റെ അളവറ്റ നേട്ടം ആഘോഷം നടത്തുന്നവർക്കു തന്നെയാണ്. ഒട്ടുമിക്ക സമുദായ സംഘടനകളും ധൂർത്ത് നിറഞ്ഞ ആഘോഷച്ചടങ്ങുകൾ ഒഴിവാക്കണമെന്ന നിലപാട് പരസ്യമായിത്തന്നെ പറയാറുണ്ട്. സമുദായത്തിലെ പ്രമാണിമാർ വേണം ഇതിനു വഴികാട്ടാൻ. വളരെ അപൂർവമായേ അതു നടക്കാറുള്ളൂ എന്നതാണ് യാഥാർത്ഥ്യം. വിവാഹ ധൂർത്തിനെതിരെ സർവീസിൽ മുഖപ്രസംഗമെഴുതിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പക്ഷേ ഇക്കാര്യത്തിൽ തികച്ചും അനുകരണീയമായ മാതൃക കാണിച്ച നേതാവാണെന്നത് ചാരിതാർത്ഥ്യജനകമാണ്. അങ്ങേയറ്റം അനാർഭാടമായിട്ടാണ് തന്റെ മകന്റെ വിവാഹച്ചടങ്ങ് അദ്ദേഹം നടത്തിയത്. സമുദായങ്ങളുടെ അമരത്തിരിക്കുന്നവർ ഇതുപോലുള്ള മാതൃകയുമായി മുന്നോട്ടുവന്നാലേ സമൂഹത്തിനു ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാവൂ.
ഏതു ഗാർഹിക ചടങ്ങും ഏറ്റവും മോടിയായി നടത്താനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. ഇത്തരത്തിലുള്ള ആർഭാടങ്ങൾ അനിവാര്യമാണോ എന്ന ചിന്തയാണ് ഉണ്ടാകേണ്ടത്. സമൂഹത്തിലുള്ള മുഴുവൻ പേരും ധനികരോ കുബേരന്മാരോ അല്ല. ഭൂരിപക്ഷവും ഞെങ്ങി ഞെരുങ്ങി കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്. വിവാഹം പോലുള്ള ചടങ്ങുകൾക്ക് അതുവരെയുള്ള സമ്പാദ്യവും തികയാതെ കിട്ടുന്നിടത്തു നിന്നെല്ലാം കടവും വാങ്ങി ധൂർത്തു കാണിക്കാൻ പലർക്കും മടിയില്ല. വിവാഹം നടത്തി കടക്കാരായി മാറിയ എത്ര കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. കടംവീട്ടാനാകാതെ ആത്മഹത്യയെ അഭയം പ്രാപിച്ചവർ വരെ ഉണ്ട്. സന്താനങ്ങളെ നല്ല നിലയിൽ പറഞ്ഞയയ്ക്കാൻ വേണ്ടിയുള്ള തത്രപ്പാടിൽ ജീവിതം തന്നെ വഴിമുട്ടിയവരെക്കുറിച്ചുള്ള കഥകൾ ആർക്കും പറയാനുണ്ടാകും.
അനുകരണ ഭ്രമമാണ് പലരെയും ധൂർത്തിലേക്കും പൊങ്ങച്ചത്തിലേക്കും നയിക്കുന്നത്. വിവാഹ വിഷയത്തിൽ സമൂഹത്തിലെ സാധാരണക്കാർ ഇന്ന് നേരിടുന്ന വെല്ലുവിളികൾ പറഞ്ഞറിയിക്കാനാവാത്തതാണ്. പണ്ടുകാലത്ത് വിവാഹച്ചെലവുകൾക്ക് പണം കണ്ടാൽ മതിയായിരുന്നുവെങ്കിൽ ഇന്ന് ചടങ്ങുകളുടെ ആധിക്യമാണ്. നിശ്ചയം മുതൽ മൂന്നും നാലും തവണയുള്ള ഇതര ചടങ്ങുകൾ വരെ അതു നീളുന്നു. നിശ്ചയങ്ങൾക്കു തന്നെ കല്യാണത്തിന്റെ പൊലിമയും ആർഭാടവും കൈവരുന്നു. സൽക്കാരങ്ങൾ എത്ര വിഭവസമൃദ്ധമാക്കാം എന്നതിലും കടുത്ത മത്സരം തന്നെ കാണാം. പണം വാരിയെറിഞ്ഞു കൊണ്ടുള്ള ഇത്തരം വിവാഹ ധൂർത്തിനെതിരെ സമൂഹത്തിന്റെ ഉന്നമനത്തിൽ താത്പര്യമുള്ള മഹാത്മാക്കൾ നിരന്തരം ശബ്ദമുയർത്താറുണ്ട്. ആചാരാഘോഷങ്ങൾ ലളിതമാക്കണമെന്നാവശ്യപ്പെട്ട് എല്ലാ സമുദായങ്ങളുടെയും നേതാക്കൾ തങ്ങളുടെ ആൾക്കാർക്ക് നിർദ്ദേശങ്ങൾ നൽകാറുണ്ട്. അത്യപൂർവമായി മാത്രമേ പാലിക്കപ്പെടാറുള്ളൂ എന്നു മാത്രം. ദുർവ്യയം പരമാവധി ഒഴിവാക്കി മിച്ചപ്പെടുത്തുന്ന പണം സന്തതികളുടെ ഭാവി നന്മയ്ക്കായി മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ അതിൽപ്പരം നല്ല കാര്യമില്ല. അങ്ങനെ ചിന്തിക്കുന്നവർ ധാരാളമുണ്ടെങ്കിലും അവസരം എത്തുമ്പോൾ പലവിധ പ്രേരണകളാൽ അവരും അയൽക്കാരന്റെ വഴിയേ തന്നെ പോകാനാകും ശ്രമിക്കുക. സാഹചര്യങ്ങളുടെ കെട്ടുപാടുകളാണ് ഇത്തരം അവസ്ഥയിൽ പലരെയും എത്തിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും സമൂഹത്തിൽ അർബുദം പോലെ പടർന്നുകൊണ്ടിരിക്കുന്ന വിവാഹ ധൂർത്ത് പോലുള്ള ആഘോഷങ്ങൾക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ അനവധി കുടുംബങ്ങൾ വഴിയാധാരമാകുമെന്നതിൽ സംശയമില്ല. സമുദായ നേതാക്കളും പൗരമുഖ്യരും രാഷ്ട്രീയ നേതാക്കളുമൊക്കെയാണ് ഇതിനു മുന്നിട്ടിറങ്ങേണ്ടത്. അതിനൊപ്പം തന്നെ തങ്ങളുടെ മക്കളുടെ വിവാഹച്ചടങ്ങ് മറ്റുള്ളവർക്ക് മാതൃകയാകുന്ന തരത്തിൽ അനാഡംബരമാക്കുകയും വേണം.