vകടയ്ക്കാവൂർ: കടയ്ക്കാവൂരിൽ സ്ഥാപിച്ച നീരീക്ഷ കാമറകൾ മിഴിയടച്ച് മാസം 5 കഴിഞ്ഞിട്ടും നന്നാക്കാൻ അധികൃതർക്കാകുന്നില്ല.

ഇതോടെ അക്രമങ്ങളും മോഷണവും വാഹനങ്ങളുടെ അമിത വേഗതയും പ്രദേശത്ത് വർദ്ധിച്ചിരിക്കുകയാണ്.

കടയ്ക്കാവൂർ സി.ഐ ആയിരുന്ന ജി.ബി. മുകേഷിന്റെ ശ്രമഫലമായി 'വിഷൻ കടയ്ക്കാവൂർ' എന്ന സംഘടനയാണ് കാമറകൾ പ്രവർത്തിപ്പിക്കാൻ തയ്യാറായത്. കടയ്ക്കാവൂർ എസ്.എൻ.ഡി.പി ശാഖാ പ്രവർത്തകർ, പ്രവാസികൾ, വ്യവസായികൾ, സൻമനസുളള മറ്റ് ചില നാട്ടുകാർ തുടങ്ങിയവർ നൽകിയ സാമ്പത്തിക സഹായത്തിലാണ് കാമറകൾ സ്ഥാപിച്ചത്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലും വിഷൻ കടയ്ക്കാവൂരിന്റെ ഒാഫീസിലുമാണ് എൻ.വി.ആർ സ്ഥാപിച്ചിരുന്നത്. പൊലീസിന്റെ ശ്രദ്ധയിൽപ്പെടാത്ത പല കാര്യങ്ങളും വിഷൻ കടയ്ക്കാവൂർ എന്ന സംഘടന പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കഴിയുകയും ചെയ്തിട്ടുണ്ട്.

രണ്ട് മാസത്തിന് മുൻപ് കാമറകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കടയ്ക്കാവൂർ സി.ഐ ചില ശ്രമങ്ങൾ ചെയ്തിരുന്നു. ഇതിനായി നാട്ടുകാടെ ഒരു യോഗം സി.ഐ ഓഫീസിൽ വിളിച്ചു കുട്ടുകയും ചെയ്തു. എന്നാൽ ഫലം കാണാൻ കഴിഞ്ഞില്ല. നിയമം ലംഘിച്ച് എത്തുന്ന വാഹനങ്ങൾ കാരണം ഒട്ടധികം അപകടങ്ങളാണ് ഉണ്ടാകുന്നത്. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാൻ കാമറകൾ വേഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.