തിരുവനന്തപുരം: ആർക്കെതിരെയും പരാതിയില്ലെന്ന് യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകി. ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാനസിക സമ്മർദ്ദം മൂലമാണ്. പഠനത്തെക്കാൾ കൂടുതൽ മറ്റ് പരിപാടികൾ നടക്കുന്നതിനാൽ പഠിക്കാനുള്ള സാഹചര്യം കോളേജിലില്ല. കോളേജിലെ സാഹചര്യം മാനസികമായി തളർത്തി.
രക്ഷിതാക്കൾക്കൊപ്പം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയ പെൺകുട്ടിയെ ആറ്റിങ്ങൽ രണ്ടാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. വെള്ളിയാഴ്ച വൈകിട്ട് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തിരുന്നു. രാത്രി തന്നെ മൊഴി നൽകാനായി ആറ്റിങ്ങൽ സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും ക്ഷീണവും തളർച്ചയും കാരണം സംസാരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇന്നലെ രാവിലെ എത്തിയാണ് മൊഴി നൽകിയത്.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന പെൺകുട്ടിക്ക് വിചാരിച്ചപോലെ പഠിക്കാൻ കഴിയാത്തതിൽ വിഷമം ഉണ്ടായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. ഉയർന്ന മാർക്കോടെയാണ് പ്ലസ് ടു പാസായത്. സയന്റിസ്റ്റാവണമെന്നാണ് അവളുടെ ആഗ്രഹം. പി.ജി വരെ യൂണിവേഴ്സിറ്റി കോളേജിൽ തന്നെ പഠിക്കണമെന്ന ആഗ്രഹത്തോടെയാണ് അഡ്മിഷൻ എടുത്തത്. അവിടെത്തന്നെ പഠനം തുടരും.
അതേസമയം, വിദ്യാർത്ഥിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും ആത്മഹത്യാക്കുറിപ്പ് കണ്ടിട്ടില്ലെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് സന്തോഷ്‌കുമാർ പറഞ്ഞു. കുട്ടിയെക്കുറിച്ച് അദ്ധ്യാപകർക്കും സഹപാഠികൾക്കും പരാതികളൊന്നുമില്ല. വെക്കേഷൻ സമയത്ത് പഠിക്കാൻ സാധിക്കുന്നില്ല എന്ന കാരണത്താൽ ഇത്തരമൊരു തീരുമാനത്തിന് കുട്ടി മുതിർന്നതെന്തിനെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയ്ക്കെതിരെ ഉയർന്ന ആരോപണത്തെ പൂർണമായും തള്ളിക്കളഞ്ഞ് എസ്.എഫ്.ഐയും രംഗത്തെത്തിയിട്ടുണ്ട്. നിർബന്ധിച്ച് ആരെയും പരിപാടികളിൽ പങ്കെടുപ്പിക്കാറില്ലെന്നും പെൺകുട്ടിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും കോളേജ് യൂണിയൻ സെക്രട്ടറി നസീം വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.