തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ടി.സി ഇല്ലാതെ പ്രവേശിപ്പിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിൽ ചേരാനെത്തുന്നവരെ വയസിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അതത് ക്ലാസുകളിൽ പ്രവേശിപ്പിക്കണം. 9,10 ക്ലാസുകളിൽ വയസിന്റെയും പ്രധാന അദ്ധ്യാപകന്റെ മേൽനോട്ടത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിൽ പ്രവേശനം നൽകണം.
അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റിച്ചേർക്കാൻ രക്ഷിതാക്കൾ തുടങ്ങിയതോടെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം ഇത്തവണ വർദ്ധിക്കുമെന്നുറപ്പായി. വ്യാഴാഴ്ച പ്രവേശന നടപടികൾ ആരംഭിച്ച ശേഷമുള്ള മൂന്നു ദിവസങ്ങളിൽ മാത്രം കാൽ ലക്ഷത്തിലേറെ കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു.