office

തിരുവനന്തപുരം: താലൂക്ക് ഓഫീസുകൾ, കളക്ടറേറ്രുകൾ, സബ് രജിസ്ട്രാർ ഓഫീസുകൾ തുടങ്ങി നിത്യേന നൂറു കണക്കിന് പൊതുജനങ്ങൾ എത്തുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഇനി സുഖ വിശ്രമത്തിന് സൗകര്യമൊരുങ്ങും. എ.സി.വിശ്രമമുറികൾക്ക് പുറമെ കുടിവെള്ള സംവിധാനവും മെച്ചപ്പെട്ട ടോയ്ലെറ്റ് സംവിധാനവും സജ്ജമാക്കും. ഇതിനായി 100 കോടിയാണ് ധനവകുപ്പ് അനുവദിച്ചിട്ടുള്ളത്.

കഴിഞ്ഞ ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചതാണിത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകമല്ലാത്തതിനാൽ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.

വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ എത്തുന്നവർ പലപ്പോഴും മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്.സർക്കാർ ആശുപത്രികൾ, ഡിവൈ.എസ്.പി, എസ്.പി ഓഫീസുകൾ , ജനമൈത്രി പൊലീസ് സ്റ്റേഷനുകൾ, ആർ.ടി.ഒ ഓഫീസുകൾ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം പദ്ധതിയിൽ ഉൾപ്പെടും. നിർമാണ ചുമതല ഏത് ഏജൻസിയെ ഏൽപ്പിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളാവും തീരുമാനിക്കുക.

ജില്ലാ കളക്ടറേറ്റുകളക്കമുള്ള സ്ഥാപനങ്ങളിൽ ശൗചാലയ നവീകരണത്തിനും പദ്ധതിയുണ്ട്. മിക്ക ഓഫീസുകളിലും പൊട്ടിപ്പൊളിഞ്ഞു വൃത്തിഹീനമായ തരത്തിലാണ് ശൗചാലയങ്ങൾ. ടോയ്ലെറ്റുകൾ ഒന്നിലധികം തവണ ശുചിയാക്കേണ്ടതുണ്ട്. ഇതിന് ജീവനക്കാരില്ലാത്ത സ്ഥാപനങ്ങളിൽ ശുചീകരണ ചുമതല കുടുംബശ്രീയെ ഏൽപ്പിക്കാനും ആലോചനയുണ്ട്.