വെള്ളറട: അതിർത്തിയിലെ മലയോര ഗ്രാമങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ കച്ചവടം വ്യാപകമായിട്ടും ഭക്ഷ്യ സുരക്ഷ വിഭാഗമോ ആരോഗ്യവകുപ്പോ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. മറ്റ് സംസ്ഥാനങ്ങളിലെ കൃത്രിമപാൽ, പാൽ ഉത്പന്നങ്ങൾ, ചീഞ്ഞ മത്സ്യങ്ങൾ, രോഗബാധിതയായ കന്നുകാലികൾ എന്നിവയെ ഇവിടെ എത്തിച്ച് വിൽപ്പന നടത്തുകയാണ്. പഴകിയ മത്സ്യങ്ങൾ രാസവസ്തുക്കൾ ചേർത്ത് കേടുകൂടാതെ സൂക്ഷിച്ചുകൊണ്ടുവന്നാണ് പനച്ചമൂട്ടിലെ മാർക്കറ്റിൽ മൊത്തകച്ചവടം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇവിടെ നിന്നും ചില്ലറ വിൽപ്പനക്കാർ മറ്റു സ്ഥലങ്ങളിലും വീടുകളിലും കൊണ്ടുപോയി വിൽപ്പന നടത്താറുണ്ട്. നിരവധി തവണ ഇത്തരത്തിലുള്ള മത്സ്യം കഴിച്ച് രോഗബാധിതരായി ഒരുപാട് പേർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചെങ്കിലും ഭക്ഷ്യ സുരക്ഷാ വിഭാഗം മാർക്കറ്റിൽ തിരിഞ്ഞുപോലും നോക്കാറില്ല. മുൻകാലങ്ങളിൽ ആരോഗ്യവകുപ്പ് വല്ലപ്പോഴെങ്കിലും മാർക്കറ്റിനുള്ളിൽ പരിശോധന നടത്തുമായിരുന്നെങ്കിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് മാത്രമായി പരിശോധന ചുമതല നൽകിയതോടെ അതും നിലച്ചു. ഹോട്ടലുകളിലും ചായക്കടകളിലും അന്യസംസ്ഥാന പാലാണ് കൂടുതൽ ഉപയോഗിക്കുന്നത്. അമിതമായി കട്ടിയുള്ളതുകാരണം കുറച്ച് പാൽ മതി ചായയ്ക്ക്. കൂടുതൽ ലാഭം ലഭിക്കുമെന്നുള്ളതുകൊണ്ടാണ് ഇത്തരം പാൽ കച്ചവടക്കാർ ഉപയോഗിക്കുന്നത്. അനധികൃത കശാപ്പുശാലകളിൽ തമിഴ്നാട്ടിൽ നിന്നും യാതൊരുവിധ പരിശോധനയുമില്ലാതെ കൊണ്ടുവരുന്ന രോഗബാധിതരായ കന്നുകാലികളെ വരെ ഇറച്ചിയാക്കി വിൽപ്പന നടത്തുന്ന സംഘങ്ങളും ഇവിടെ സജീവമാണ്. വ്യാജ തേയിലപൊടികളും വിപണിയിൽ സുലഭമാണ്. ചിലമൊത്ത കച്ചവടക്കാർ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. എത്രയും പെട്ടെന്ന് അധികൃതർ പരിശോധന നടത്തി മായം കലർന്ന ഉത്പന്നങ്ങൾ പിടിച്ചെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.