തിരുവനന്തപുരം: മഴക്കാലത്തിന് മുമ്പുള്ള പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 11,12 തീയതികളിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്തും. പഞ്ചായത്ത്, വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന ശുചീകരണ യജ്ഞത്തിൽ ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർ പങ്കാളികളാകും. പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഏഴ്, എട്ട് തീയതികളിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ യോഗം ചേരും. എം.എൽ.എമാരുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഒമ്പതിനു മുമ്പ് പഞ്ചായത്തുതല യോഗങ്ങൾ ചേരും. ഈ യോഗത്തിൽ ഓരോ വാർഡിലും ചെയ്യേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ബന്ധപ്പെട്ട ജനപ്രതിനിധിയെയും ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തുകയും ചെയ്യും. വീടുകളും മറ്റു സ്വകാര്യ സ്ഥലങ്ങളും ഉടമകളുടെ പങ്കാളിത്തത്തോടെ ശുചിയാക്കുകയാണ് ലക്ഷ്യം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ബി. സത്യൻ, ഡി.കെ. മുരളി, ഐ.ബി. സതീഷ്, എം. വിൻസന്റ്, എ.ഡി.എം. പി.ടി. എബ്രഹാം, ജനപ്രതിനിധികൾ, വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങൾ
--------------------------------
ആമയിഴഞ്ചാൻ തോട്, തെറ്റിയാർ, തെക്കനക്കര കനാൽ എന്നിവിടങ്ങളിലെ നീരൊഴുക്ക്
സുഗമമാക്കുന്ന പ്രവർത്തനങ്ങൾക്ക് മേജർ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി
പാർവതീപുത്തനാർ, കിള്ളിയാർ എന്നിവയുടെ ശുചീകരണ പ്രവർത്തനങ്ങൾ
വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും
നഗരത്തിനു പുറത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജലാശയങ്ങൾ ശുചിയാക്കുന്ന
കാര്യത്തിൽ തദ്ദേശ സ്വയംഭരണ, മൈനർ ഇറിഗേഷൻ വകുപ്പുകൾ ശ്രദ്ധവയ്ക്കണം
ശുദ്ധജല സ്രോതസുകളിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതു ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കണമെന്ന്
തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർക്ക് നിർദ്ദേശം