തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജീവനക്കാർക്ക് ഒരു മാസത്തെ ഡ്യൂട്ടി ദിവസങ്ങളിൽ വൈകിയെത്താനുള്ള സമയപരിധി (ഗ്രേസ് ടൈം) മൂന്നിൽ നിന്ന് അഞ്ച് മണിക്കൂറാക്കി ഉയർത്തി പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കി. അതേസമയം, ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ വൈകാൻ പാടില്ല.
ശമ്പള സോഫ്റ്റ്വെയറായ സ്പാർക്കിനെ പഞ്ചിംഗുമായി ബന്ധിപ്പിച്ചതോടെ ഓരോ ജീവനക്കാരന്റെയും ഗ്രേസ് ടൈം സ്പാർക്കിൽ കാണാനാകും. ഒരു മാസം 16 മുതൽ അടുത്തമാസം 15 വരെ എന്ന ക്രമത്തിലാണ് ഗ്രേസ് ടൈം സജ്ജമാക്കിയിട്ടുള്ളത്. രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ ഏഴു മണിക്കൂറാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ജോലി സമയം. ഈ സമയക്രമത്തിനു പുറത്ത് ജീവനക്കാർ ജോലി നോക്കേണ്ടതില്ല.
അതേസമയം, മാസം 10 മണിക്കൂർ അധിക ജോലി ചെയ്താൽ ഒരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും. ഗസറ്റഡ് ഉദ്യോഗസ്ഥർക്കടക്കം ഇതിന്റെ ആനുകൂല്യം ലഭിക്കും. കോമ്പൻസേറ്ററി ഓഫ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ, കൺട്രോളിംഗ് ഓഫീസർക്കു നേരത്തേ അപേക്ഷിച്ച് അംഗീകാരം വാങ്ങണം. ഇനി മുതൽ ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, സ്‌പെഷ്യൽ സെക്രട്ടറി, സെക്രട്ടറി എന്നിവർക്കു മാത്രമാകും കൺട്രോളിംഗ് അധികാരം. കോമ്പൻസേറ്ററി ഓഫിനായി പ്രത്യേക ഓഫീസ് ഓർഡർ ഇറക്കണം.
കാഷ്വൽ ലീവ്, ഔദ്യോഗിക യാത്ര എന്നിവയ്ക്കും സ്പാർക്ക് സംവിധാനം വഴി കൺട്രോളിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അവധിയും ഔദ്യോഗിക യാത്രയും മടങ്ങിയെത്തി 10 ദിവസത്തിനുള്ളിൽ സ്പാർക്കു വഴി രേഖപ്പെടുത്തണം. ശമ്പള ബില്ല് കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറിമാർ പഞ്ചിംഗ് സംവിധാനം മോണിറ്റർ ചെയ്യണം. ദിവസ വേതന, കരാർ ജീവനക്കാർ പഞ്ചിംഗ് സമ്പ്രദായത്തിൽ ഉൾപ്പെടില്ല.
പുതിയ പരിഷ്കാരത്തിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് കർശനമാക്കാനുള്ള ബിശ്വനാഥ് സിൻഹയുടെ തീരുമാനത്തിൽ ഭരണാനുകൂല സംഘടനയടക്കം നേരത്തെ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് കൂടുതൽ ഇളവ് അനുവദിച്ച് സർക്കുലർ പുറത്തിറക്കിയത്.