തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന സംസ്ഥാന റോഡുകളുടെ പുനർ നിർമ്മാണത്തിന് ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ളിയു 1400 കോടി രൂപ വായ്പ നൽകും. സംസ്ഥാനത്തെത്തിയ മൂന്നംഗ ജർമ്മൻ സംഘവുമായി മന്ത്രി ജി. സുധാകരൻ, റവന്യൂ- ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ഡോ. വി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉയർന്ന നിലവാരത്തിലാകും റോഡ് പുനർ നിർമ്മാണം. കെ.എസ്.ടി.പിക്കാണ് ചുമതല.
പുനർ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ 400 കോടി രൂപ കൂടി നൽകുന്ന കാര്യത്തിലും ധാരണയായിരുന്നു.
നേരത്തേ ജർമ്മൻ ബാങ്ക് 700 കോടി രൂപ നൽകാമെന്നാണ് അറിയിച്ചിരുന്നത്. അപ്പോൾ തന്നെ ഇരട്ടി സഹായധനം സർക്കാർ ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ നൽകുക. പലിശ എത്രയെന്ന് തീരുമാനമായിട്ടില്ല. കൊച്ചി വാട്ടർ മെട്രോയ്ക്ക് 1.55 % പലിശയ്ക്ക് കെ.എഫ്.ഡബ്ളിയു 552 കോടി രൂപ ധനസഹായം അനുവദിച്ചിരുന്നു.
റോഡുകൾ ആധുനിക രീതിയിൽ പുനർ നിർമിക്കാനും സമാനമായ ദുരന്തങ്ങൾ നേരിടാൻ തക്കവിധം റോഡ് ശൃംഖല മെച്ചപ്പെടുത്താനും 10,000 കോടി രൂപ വേണ്ടിവരുമെന്നായിരുന്നു വിവിധ ഏജൻസികൾ തയ്യാറാക്കിയ കണക്ക്. ഇതിന്റെ അടിസ്ഥാനത്തിലാണ് നവകേരള നിർമ്മാണത്തിന് നേതൃത്വം നൽകുന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് വിവിധ ധനകാര്യ ഏജൻസികളുടെ സഹായം തേടിയത്.
നവകേരള നിർമ്മാണത്തിന് ധനസമാഹരണം ലക്ഷ്യമിട്ട് ജൂൺ ആദ്യവാരം സംസ്ഥാന സർക്കാർ ഡൽഹിയിൽ നടത്തുന്ന പ്രത്യേക കോൺക്‌ളേവിൽ കെ.എഫ്.ഡബ്ളിയു അധികൃതരും പങ്കെടുക്കും. കേരളത്തിന്റെ പുനർ നിർമ്മാണത്തിന് ലോക ബാങ്ക് 3600 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്.