photo

നെടുമങ്ങാട് : ഗോത്ര വിഭാഗത്തിൽ നിന്നും സിവിൽ സർവീസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യയ്ക്ക് തലസ്ഥാനത്തെ ആദിവാസി കുട്ടികൾ അനുമോദന കത്തയച്ചു. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പൊടിയക്കാല ആദിവാസി ഊരിലെ സാമൂഹ്യ പഠനമുറിയിൽ നടന്ന മൂന്ന് ദിവസത്തെ ക്യാമ്പിലാണ് കുട്ടികൾ തങ്ങളുടെ അഭിമാനമായി മാറിയ ശ്രീധന്യയ്ക്ക് ആശംസ നേർന്ന് കത്ത് എഴുതിയത്. ത്രിദിന ക്യാമ്പിന് കുട്ടികൾ തന്നെ 'ശ്രീധന്യ' എന്ന് പേരുമിട്ടു. ആദിവാസി വിഭാഗത്തിലെ കുട്ടികളിൽ പഠന താത്പര്യം വളർത്തുന്നതിനും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാനും ലക്ഷ്യമിട്ട് നെടുമങ്ങാട് ഐ.ടി.ഡി.പി ആവിഷ്കരിച്ചതാണ് സാമൂഹ്യ പഠനമുറികൾ. പാഠ്യേതര പ്രവർത്തനങ്ങൾക്കാണ് ഇവിടെ പ്രാധാന്യം നൽകുന്നത്. പൊടിയക്കാല, തലത്തൂതക്കാവ്, താന്നിമൂട് എന്നീ ഗോത്ര ഊരുകളിലെ സാമൂഹ്യപഠനമുറികളിൽ നിന്നുള്ള കുട്ടികളാണ് വേനലവധി പ്രമാണിച്ച് പൊടിയക്കാലയിലെ ക്യാമ്പിൽ ഒത്തുകൂടിയത്.പഠന താത്പര്യം വളർത്താൻ പ്രത്യേക പ്രചോദന-പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ജോബി കോണ്ടൂർ, ഡോ.ഉദയചന്ദ്രൻ തമ്പി, ശ്യാം രജി എന്നിവർ പരിശീലന കളരികൾക്ക് നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ച നാടകങ്ങൾ, ചിത്രരചനാ പ്രദർശനം, കുട്ടികളുടെ സമ്മേളനങ്ങൾ എന്നിവ ശ്രദ്ധേയമായി.