തിരുവനന്തപുരം: കുന്നത്തുനാട്ടിൽ അനധികൃത നെൽവയൽ നികത്തൽ തടഞ്ഞ ജില്ലാ കളക്ടറുടെ ഉത്തരവ് അസാധുവാക്കി വീണ്ടും നികത്താൻ അനുവദിച്ച റവന്യൂ വകുപ്പിനെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം പോലും തള്ളി റവന്യൂ വകുപ്പ് അസാധാരണമായ ഈ നടപടി സ്വീകരിച്ചതിന് പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തിൽ റവന്യൂ മന്ത്റിയും കൃഷി മന്ത്റിയും നിലപാട് വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കുന്നത്തുനാട് വില്ലേജിലെ 15ഏക്കർ വയൽ ഭൂമി നികത്താനാണ് ജില്ലാകളക്ടറുടെ ഉത്തരവ് റദ്ദാക്കി റവന്യുവകുപ്പ് അനുമതി നൽകിയത്. കേരള നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം നിരാകരിച്ചുമായിരുന്നു ഉത്തരവ്.
കൊച്ചിയിൽ റജിസ്റ്റർ ചെയ്ത സ്പീക്സ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണ് ഭൂമി. മുൻപ് ഇത് സിന്തൈറ്റ് കമ്പനിയുടെ പേരിലായിരുന്നു. തണ്ടപ്പേർ അനുസരിച്ച് ഇത് നിലമാണ്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് തയ്യാറാക്കിയ ഡാറ്റാബാങ്കിലും ഇത് നിലം തന്നെയാണ്. ഇത് നികത്താനുള്ള ശ്രമത്തിനെതിരെ മൂവാറ്റുപുഴ ആർ.ഡി.ഒ 2017 ഡിസംബറിൽ റിപ്പോർട്ട് നൽകി. ഇതനുസരിച്ച് 2018 സെപ്തംബറിൽ നികത്തൽ നിറുത്തിവയ്ക്കാനും നികത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കാനും കളക്ടർ ഉത്തരവിട്ടു. സ്ഥലത്തിന്റെ ക്രയവിക്രയവും പോക്കുവരവും കളക്ടർ മരവിപ്പിച്ചു.
എന്നാൽ 2008 ൽ തണ്ണീർത്തട സംരക്ഷണനിയമം വരുന്നതിന് മുമ്പ് 2006 ൽ വ്യവസ്ഥകളോടെ ഭൂമി പരിവർത്തനം ചെയ്യാൻ ലാൻഡ് റവന്യു കമ്മിഷണർ അനുമതി നൽകിയെന്നാണ് നിലമുടമകളായ കമ്പനി പറയുന്നത്. ഡാറ്റാബാങ്കിൽ തിരുത്തണമെന്ന ഉടമകളുടെ അപേക്ഷ കളക്ടർ തള്ളിയിരുന്നു. ഇതിനെതിരെ കമ്പനി കഴിഞ്ഞ നവംബറിൽ സർക്കാരിന് അപ്പീൽ നൽകി. ഇൗ വർഷം ജനുവരി 31 ന് കളക്ടറുടെ ഉത്തരവു റദ്ദാക്കി സർക്കാരിനു വേണ്ടി റവന്യു അഡിഷനൽ സെക്രട്ടറി ജെ.ബെൻസി ഉത്തരവിട്ടു. സ്ഥലം ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കമ്പനിക്ക് അധികൃതരെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.