university-college
university college

തിരുവനന്തപുരം: യൂണിവേഴ്‌സി​റ്റി കോളേജ് കാമ്പസിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ നിർദേശം നൽകി. മന്ത്റി കെ.ടി. ജലീൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. വിദ്യാർത്ഥിനിയുമായും കോളേജ് അധികൃതരുമായും ആശയവിനിമയം നടത്തി സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. കോളേജ് അധികൃതരുടെ ഭാഗത്തു വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും.
കോളേജ് യൂണിയൻ നേതാക്കളുടെ നിരന്തര ശല്യത്തിൽ പഠനം മുടങ്ങുന്നതിന്റെ വിഷമം ആത്മഹത്യാക്കുറിപ്പായി എഴുതിവച്ചാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥിനി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നു സമ്മർദ്ദമുണ്ടായെന്നും ആത്മഹത്യാ പ്രേരണയ്ക്ക് കാരണക്കാർ എസ്.എഫ്‌.ഐ യൂണി​റ്റ് ഭാരവാഹികളും കോളേജ് പ്രിൻസിപ്പലും ആണെന്നു പെൺകുട്ടി കുറിപ്പിൽ ആരോപിച്ചിരുന്നു.

വ്യാഴാഴ്ച കോളേജിൽ പോയ പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ ആ​റ്റിങ്ങൽ പൊലീസിൽ രാത്രി പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30 ഓടെ കോളേജിലെ ജീവനക്കാരാണ് സ്ത്രീകളുടെ വിശ്രമമുറിയിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കന്റോൺമെന്റ് പൊലീസ് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയിൽ നിന്ന് ഡോക്ടർ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നെന്ന് ആറ്റിങ്ങൽ എസ്.ഐ പറഞ്ഞു.