തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലേക്കും അനുബന്ധ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -നീറ്റ് യു.ജി) ഇന്ന് നടക്കും.
ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെയാണ് പരീക്ഷ. ഒന്നരയ്ക്കു ശേഷം പരീക്ഷാഹാളിലേക്ക് പ്രവേശനം അനുവദിക്കില്ല. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 180 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും.
രാജ്യത്തെ 154 നഗര കേന്ദ്രങ്ങളിലായി 15.19 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിൽ 12 നഗരങ്ങളിലാണ് പരീക്ഷ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രണ്ട് ലക്ഷത്തോളം അപേക്ഷകർ കൂടുതലാണ്. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് മഹാരാഷ്ട്രയിലാണ്.
ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് കേരളത്തിൽ നിന്ന് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അങ്കമാലി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ. മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിനായി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അപേക്ഷ സമർപ്പിച്ചത് 96535 വിദ്യാർത്ഥികളാണ്.