kallada

തിരുവനന്തപുരം: നിയമലംഘനത്തിനു പിഴയടയ്ക്കാതെ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു.

സംസ്ഥാനത്തേക്കു സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകളിൽ ഭൂരിഭാഗവും കർണാടക, അരുണാചൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബസുകൾക്കു പെർമിറ്റ് നൽകിയ സംസ്ഥാനത്തിനാണ് റദ്ദു ചെയ്യാനുള്ള അവകാശവും. ഇക്കാരണത്താൽ നടപടിയെടുക്കുന്നതിൽ നേരത്തെ ഗതാഗതവകുപ്പ് മടിച്ചിരുന്നു. ഇതു പഴുതാക്കിയാണ് ബസുകൾ നിയമലംഘനം തുടരുന്നത്. എന്നാൽ ഇപ്പോൾ നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാത്ത ബസുകളുടെ പെർമിറ്റ് സസ്‌പെൻഡ് ചെയ്തശേഷം അതതു സംസ്ഥാനങ്ങളിലെ സർക്കാരിനെ രേഖാമൂലം അറിയിക്കാനാണു തീരുമാനം.

ഇതര സംസ്ഥാനങ്ങളിൽ കോൺട്രാക്ട് ക്യാരേജായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിയമവിരുദ്ധമായി സ്റ്റേജ് ക്യാരേജ് വാഹനങ്ങളായി പ്രവർത്തിക്കുന്നുണ്ട്. അനധികൃത പാഴ്സൽ സർവീസ് നടത്തിയതിനും അമിത വേഗത്തിനും ഇവർക്കു നോട്ടീസ് നൽകാറുണ്ടെങ്കിലും പിഴ അടയ്ക്കാറില്ല.

അമിത വേഗത്തിൽ ഓടിയതിന് പിഴ ചുമത്തിയ 205 ബസുകൾ പിഴ ഒടുക്കിയില്ലെന്നും ഈയിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. നടപടി നേരിടേണ്ട ഘട്ടമെത്തിയാൽ രജിസ്‌ട്രേഷൻ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റി നിയമനടപടികളിൽനിന്നു രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇതിനെയെല്ലാം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ബസുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തശേഷം, രജിസ്‌ട്രേഷൻ നടത്തിയ സംസ്ഥാനത്തെ സർക്കാരിനെ രേഖാമൂലം വിവരം അറിയിക്കാൻ തീരുമാനിച്ചത്

സംസ്ഥാന സർക്കാർ നേരിട്ട് ആവശ്യപ്പെടുന്നതിനാൽ അരുണാചൽ പോലുള്ള സംസ്ഥാനങ്ങൾ നടപടിയെടുക്കാൻ നിർബന്ധിതരാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രതീക്ഷ.

ഫലപ്രദമാകുമോ?

സ്വകാര്യ ബസുടമകൾ കോടതിയെ സമീപിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രതയോടെ നീങ്ങണമെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്നത്. എന്നാൽ മോട്ടോർ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ബസ് ലോബികളുടെ ഭാഗമായി പ്രവർത്തിക്കുന്നതിനാൽ നടപടികൾ ഫലപ്രദമാകുമോയെന്ന ആശങ്കയുമുണ്ട്.

ബസുകളിൽ അനധികൃതമായി സ്ഥാപിക്കുന്ന സൗണ്ട് സിസ്റ്റം മാറ്റാൻ നടപടിയെടുക്കുമെന്നും പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തുള്ള നികുതി വെട്ടിപ്പ് അനുവദിക്കില്ലെന്നും ആവർത്തിച്ചെങ്കിലും ഇപ്പോഴും നിയമലംഘനങ്ങൾ തുടരുകയാണ്.