tikkaram-meena

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി തുടരുമെന്ന് ടിക്കാറാം മീണ പറഞ്ഞു. കള്ളവോട്ട് പ്രശ്നത്തിൽ കടുത്ത നടപടികളെടുത്തത് ഇടതു മുന്നണിയെ പ്രകോപിച്ചതിനെ തുടർന്ന് മീണയ്ക്കെതിരെ നിയമനടപടിക്ക് ആലോചന നടക്കുന്നെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് മീണ അഭിപ്രായം വ്യക്തമാക്കിയത്.

കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ മീണയെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നത് സർക്കാർ ആലോചിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അതൊന്നും എളുപ്പം നടക്കുന്ന കാര്യമല്ലെന്നാണ് ചീഫ് ഇലക്ടറർ ഒാഫീസർ പറയുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും തന്റെ നേതൃത്വത്തിൽ തന്നെ നടത്തും. തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടായാൽ മുഖം നോക്കാതെ നടപടിയുണ്ടാകും. രാഷ്ട്രീയ പാർട്ടികൾ തന്നെ രൂപം നൽകിയ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സുഗമമായ തിരഞ്ഞെടുപ്പ് നടപടികളും പ്രാവർത്തികമാക്കാൻ അവർ തന്നെ സഹകരിക്കണം- മീണ പറഞ്ഞു.

മികച്ച രീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മീണയെയും ടീമിനെയും അഭിനന്ദിച്ചിരുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർ ഏറ്റവും കുറവുണ്ടായതും കേരളത്തിലാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരെ (11 ലക്ഷം) വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ റെക്കാഡും മീണയുടെ പേരിലാണ്. ആറ് ലക്ഷത്തിലേറെ പേരെ ഇതിന് മുമ്പ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനായിട്ടില്ല.