തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം എയർപോർട്ടിന് സമീപം റെഡ് സോണിൽ വീടുവയ്‌ക്കുന്നവർക്ക് സൈറ്റ് എലിവേഷൻ തയ്യാറാക്കി സൗജന്യമായി എൻ.ഒ.സി ലഭ്യമാക്കാൻ നഗരസഭ നടപടി തുടങ്ങി. ഇതിനായി തിരഞ്ഞെടുത്ത സ്വകാര്യ ഏജൻസിക്ക് നൽകേണ്ടി വരുന്നതിൽ പകുതി തുക നൽകണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഡയറക്ടർക്ക് നഗരസഭ നാളെ കത്തു നൽകും. ഫെബ്രുവരിയിൽ ചേർന്ന നഗരസഭാ കൗൺസിൽ ഇക്കാര്യം തീരുമാനിച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ നിന്ന് തുടർ നടപടി ഉണ്ടായില്ലെന്ന വാർത്ത സിറ്റികൗമുദിയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ മേയർ വി.കെ. പ്രശാന്ത് തുടർനടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ എയർപോർട്ട് ഡയറക്ടർക്ക് നൽകേണ്ട കത്ത് ഉദ്യോഗസ്ഥർ സെക്രട്ടറിക്ക് സമർപ്പിച്ചു. സെക്രട്ടറി ഒപ്പുവച്ച കത്ത് എൻജിനിയറിംഗ് വിഭാഗത്തിന് കൈമാറുകയും നാളെ രാവിലെ എയർപോർട്ട് ഡയറക്ടർക്ക് കൈമാറണമെന്ന് നിർദ്ദേശിക്കുകയും ചെയ്‌തു. എൻ.ഒ.സിക്ക് വേണ്ടി വരുന്ന തുകയിൽ പകുതി നൽകുകയോ ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിടുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ളതാണ് കത്ത്. റെഡ് സോണിൽ കെട്ടിട നിർമാണത്തിന് എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ എൻ.ഒ.സിക്ക് ചെലവാകുന്ന തുക വഹിക്കാമെന്നേറ്റ ശേഷം നഗരസഭ തുടർനടപടി സ്വീകരിക്കാതായതോടെ കൗൺസിലർമാരും പ്രതിഷേധത്തിലായിരുന്നു.