neet-

തിരുവനന്തപുരം ∙ മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻ​ട്രൻസ്​ ടെസ്​റ്റ്​ (നീറ്റ്​)154 നഗരങ്ങളിൽ പൂർത്തിയായി. രാജ്യത്താകെ 15.19 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. സംസ്ഥാനത്ത് പത്ത് നഗരങ്ങളിലായി ഒരുലക്ഷത്തിൽപരം പേരാണ്​ പരീക്ഷയെഴുതിയത്. കേരളത്തിൽ വിവിധ ജില്ലകളിലായി 96,535 പേർ പരീക്ഷ എഴുതി.

തിരുവനന്തപുരത്ത് മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂൾ, നാലാഞ്ചിറ ബഥനി സ്കൂൾ, കഴക്കൂട്ടം ജ്യോതിസ് പബ്ലിക് സ്കൂൾ, പാങ്ങാട് കേന്ദ്രീയ വിദ്യാലയം, മണക്കാട് ഒാക്സ്ഫോഡ് സ്കൂൾ, നെടുമങ്ങാട് മോഹൻദാസ് എൻജിനീയറിംഗ് കോളേജ്, വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയം, കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂൾ, എൻ.എസ്.എസ് പബ്ലിക് സ്കൂൾ പെരുന്താന്നി, കാട്ടാക്കട ചിന്മയ വിദ്യാലയം, നെയ്യാറ്റിൻകര ഡോ.ജി.ആർ പബ്ലിക് സ്കൂൾ, നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂൾ, പാറശാല ഭാരതീയ വിദ്യാപീഠം, തിരുവല്ലം എയ്സ് കോളേജ് ഒഫ് എൻജിനീയറിംഗ്, തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂൾ, പാപ്പനംകോട് എസ്.സി.ടി എൻജിനീയറിംഗ് കോളേജ്, കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂൾ, ശ്രീ ചിത്തിരതിരുനാൾ സെൻട്രൽ സ്കൂൾ കുന്നത്തുകാൽ, ഹീര കോളേജ് ഒഫ് എൻജിനീയറിംഗ് പനവൂർ തുടങ്ങി 20 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.

അതീവ നിയന്ത്രണത്തിൽ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി പരീക്ഷ എളുപ്പമായിരുന്നെന്നാണ് വിദ്യാർത്ഥികളുടെ പൊതുവേയുള്ള പ്രതികരണം. പതിവ് പോലെ കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മുതൽ 5മണി വരെയായിരുന്നു പരീക്ഷ, പൊലീസ് കാവലിൽ കർശന പരിശോധനയ്ക്കുശേഷമാണ് 12 മുതൽ വിദ്യാർത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ഒന്നര മണിക്ക് ശേഷമെത്തിയ കുട്ടികളെയും പ്രത്യേക ഡ്രസ് കോഡ് പാലിക്കാത്ത കുട്ടികളേയും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല.

പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള എൻ.ടി.എ. (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) വസ്ത്രധാരണ വ്യവസ്ഥകൾ നിർദേശിച്ചിരുന്നു. ഇതരരേഖകൾക്കൊപ്പം ആധാറും നിർബന്ധമായും ഹാജരാക്കണമെന്ന പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കി. ആധാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെയാണ് ആശങ്ക ഒഴിവായത്.