kerala-assembly-

തിരുവനന്തപുരം: നിയമസഭയുടെ സമ്പൂർണ ബഡ്ജറ്റ് സമ്മേളനം എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച് നാളെ ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും.

മേയ് 27 മുതൽ ജൂലായ് ആദ്യവാരം വരെ നിയമസഭ സമ്മേളിക്കാനാണ് കഴിഞ്ഞ ദിവസം സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായത്. ഈദുൽഫിത്തർ പ്രമാണിച്ച് ജൂൺ ആദ്യവാരത്തിൽ സഭാ സമ്മേളനത്തിന് അവധി നൽകാനും ധാരണയായി. ജൂൺ ആദ്യവാരത്തിനുശേഷം സഭാസമ്മേളനം തുടങ്ങിയാൽ മതിയെന്ന നിർദ്ദേശം ഉയർന്നെങ്കിലും ജൂലായ് 31 നകം സമ്പൂർണ ബഡ്ജറ്റ് പാസാക്കേണ്ടതിനാൽ സമയം വേണ്ടത്ര കിട്ടില്ലെന്ന പ്രശ്നവുമുണ്ട്.

യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി എട്ടിന് രാവിലെ യാത്ര തിരിക്കുന്നതിനാലാണ് സാധാരണ ബുധനാഴ്ച ദിവസങ്ങളിൽ നടക്കേണ്ട മന്ത്രിസഭായോഗം ഒരു ദിവസം നേരത്തെയാക്കിയത്. നെതർലാൻഡ്, സ്വിറ്റ്സെർലാൻഡ്, ഫ്രാൻസ്, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ മസാല ബോണ്ടിന്റെ വിപണോദ്ഘാടന ചടങ്ങ്, ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്സ് സന്ദർശനം, ഐക്യരാഷ്ട്ര സഭയുടെ പ്രളയാനന്തര പുനർനിർമ്മാണ സമ്മേളനം തുടങ്ങിയവയാണ് അദ്ദേഹം പങ്കെടുക്കുന്ന പ്രധാന ചടങ്ങുകൾ. കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കാൻ ഫ്രാൻസിലും(പാരീസ്),സ്വിറ്റ്സർലാൻഡിലും (ബേൺ) നടക്കുന്ന സമ്മേളനമാണ് മറ്റൊരു പ്രധാന പരിപാടി.