തിരുവനന്തപുരം:കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്തൻകോട്ടെ ആസ്ഥാന വളപ്പിൽ പ്രസിഡന്റിനും രണ്ട് മെമ്പർമാർക്കുമായി 45ലക്ഷം രൂപ ചെലവിൽ മൂന്ന് കെട്ടിടങ്ങൾ നിർമ്മിക്കുന്നു. ശിലാസ്ഥാപനവും നടത്തി.
സ്ത്രീപ്രവേശന വിവാദം മൂലം ശബരിമല നടവരവ് ഗണ്യമായി കുറഞ്ഞത് പരിഹരിക്കാൻ സർക്കാരിന്റെ 100 കോടി കൈപ്പറ്റിയ ശേഷമാണ് ഈ നടപടി. 600 ചതുരശ്ര അടിയുള്ള ഓരോ കെട്ടിടത്തിനും 15 ലക്ഷമാണ് പ്രാഥമിക എസ്റ്റിമേറ്റ്. ദേവസ്വം മരാമത്ത് വകുപ്പ് പ്ളാനും വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കുകയാണ്. പ്രസിഡന്റും മെംബർമാരും മീറ്രിംഗുകൾക്കും മറ്റും എത്തുമ്പോൾ താമസിക്കാനാണ് കെട്ടിടങ്ങൾ. ഹൈക്കോടതി നിരീക്ഷണ സമിതി, ഹൈപവർ കമ്മിറ്റി അംഗങ്ങൾ എത്തുമ്പോഴും ഉപയോഗിക്കാമെന്നാണ് ബോർഡിന്റെ വിശദീകരണം.
മുൻ ദേവസ്വം ബോർഡിന്റെ കാലത്താണ് അംഗങ്ങളുടെ താമസത്തിന് മന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്. അന്ന് എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. തുടർനടപടികൾ ഉണ്ടായില്ല. ഇപ്പോഴത്തെ ബോർഡ് ഇതിന് നടപടി തുടങ്ങിയപ്പോഴാണ് പ്രളയവും വിവാദങ്ങളും വരുന്നത്. കഴിഞ്ഞ ബോർഡ് യോഗത്തിലാണ് വീണ്ടും നടപടികൾക്ക് അനുമതി നൽകിയത്. പഴയ എസ്റ്റിമേറ്റിൽ പണി തീർക്കാനാവാത്തതിനാലാണ് എസ്റ്റിമേറ്ര് പുതുക്കുന്നത്.
ആസ്ഥാനത്ത് നിലവിൽ 8 മന്ദിരങ്ങൾ
പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ഓഫീസ് മന്ദിരം.
ദേവസ്വം കമ്മിഷണർ ഓഫീസായ ഭവാനി കൊട്ടാരം.
പ്രസും സ്റ്റോറും
ചീഫ് എൻജിനീയർ ഓഫീസ്
സ്റ്റേറ്റ് ആഡിറ്റ് ഡിപ്പാർട്ട്മെന്റ് കെട്ടിടം
എക്സിക്യൂട്ടീവ് ഓഫീസറുടെ മന്ദിരം
സുമംഗലി കല്യാണ മണ്ഡപം
കാന്റീൻ കെട്ടിടം
ചിലവു ചുരുക്കൽ ലക്ഷ്യം: എ.പത്മകുമാർ (ബോർഡ് പ്രസിഡന്റ് )
കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള തീരുമാനം നേരത്തെ എടുത്തതാണ്. ബോർഡ് അംഗങ്ങളും ഉന്നതോദ്യോസ്ഥരും വരുമ്പോൾ താമസത്തിന് വാടകയിനത്തിലും മറ്റും വൻതുക ചിലവാകും. സ്ഥിരം സംവിധാനമൊരുക്കിയാൽ ഈ നഷ്ടം ഒഴിവാക്കാം.
സ്പോൺസർഷിപ്പും പരിഗണനയിൽ
വിശ്വാസികളോ സ്ഥാപനങ്ങളോ നിർമ്മാണ ചിലവ് ഏറ്റെടുക്കാൻ തയ്യാറായാൽ അത് സ്വീകരിക്കാനും ആലോചനയുണ്ട്. പമ്പയിലെ പ്രളയാനന്തര നിർമ്മാണം 25 കോടി മുടക്കി ടാറ്റ കൺസ്ട്രക്‌ഷൻസാണ് നിർവഹിച്ചത്. അരവണ പ്ളാന്റിനും ഭക്തരുടെ സഹായം കിട്ടിയിട്ടുണ്ട്.