labour-camp

തിരുവനന്തപുരം: നഗരത്തിലെ വിവിധ മേഖലകളിൽ രാപ്പകലില്ലാതെ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ തല ചായ്ക്കുന്നത് കാലിത്തൊഴുത്തുകളെക്കാൾ ഇടുങ്ങിയ മുറികളിൽ. മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധം വമിക്കുന്ന ചുറ്റുപാടിൽ അഞ്ചു പേർക്ക് കഷ്ടിച്ച് കിടന്നുറങ്ങാവുന്ന മുറിയിൽ കഴിയുന്നത് 25ൽ അധികം പേരും. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ ഹെൽത്ത് വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ലേബർ ക്യാമ്പുകളുടെ ശോചനീയാവസ്ഥ കണ്ടെത്തിയത്. രോഗങ്ങൾ പടരാനുള്ള സാദ്ധ്യതയുള്ളതിനാൽ തൊഴിലാളികളെ ഉടൻ മാറ്റിപ്പാർപ്പിക്കണമെന്ന് ഹെൽത്ത് വിഭാഗം അധികൃതർ ഉടമസ്ഥർക്ക് നിർദ്ദേശം നൽകി.

നന്തൻകോട്‌ ഹെൽത്ത് സർക്കിൾ പരിധിയിലെ നന്തൻകോട്, മുട്ടട, കുറവൻകോണം വാർഡുകളിൽ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലാണ് ഇന്നലെ രാവിലെ 7 മുതൽ പരിശോധന നടന്നത്.

ദേവസ്വം ബോർഡ് ഓഫീസിന് സമീപത്തെ പഴയ കെട്ടിടത്തിൽ 25 പേർ താമസിക്കുന്ന സ്ഥലത്ത് ഒരു കക്കൂസ് മാത്രമാണ് ഉണ്ടായിരുന്നത്. സമീപത്ത് കുഴികുത്തിയാണ് തൊഴിലാളികൾ പലരും മലമൂത്ര വിസർജ്ജനം നടത്തുന്നതെന്നും കണ്ടെത്തി. പരിസരമാകെ ഈച്ചയും ഇഴജന്തുക്കളും പെരുകിയനിലയിലാണ്. അടുക്കളയായി ഉപയോഗിക്കുന്ന സ്ഥലം വൃത്തിഹീനമായും കണ്ടെത്തി. ഈ കെട്ടിടത്തിലെ തൊഴിലാളികളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ ഉടമസ്ഥന് നിർദ്ദേശവും നൽകി.

കുറവൻകോണം നേതാജി ബോസ് റോഡിലുള്ള മറ്റൊരു കേന്ദ്രത്തിലും സമാനമായ അവസ്ഥയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുട്ടട ഗാന്ധി സ്മാരക റോഡിൽ തൊഴിലാളികൾ താമസിക്കുന്ന സ്ഥലവും മോശപ്പെട്ട നിലയിലായിരുന്നു. പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്തിരിക്കുന്നതായും കണ്ടെത്തി. വൃത്തിഹീനമായ കെട്ടിടങ്ങൾ 24 മണിക്കൂറിനുള്ളിൽ വൃത്തിയാക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകി. നന്തൻകോട് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. മിനു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാഖി രഘുനാഥ്, അജി .കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.