നേമം: ഒരുകാലത്ത് ആചാരാനുഷ്ഠാനങ്ങളുടെ ചുവട് പിടിച്ച് നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഒരുപോലെ നിറഞ്ഞുനിന്ന കാവുകൾ ഇന്ന് അന്യമാവുകയാണ്. എങ്കിലും നേമത്തിന് സമീപം കരുമം-തിരുവല്ലം റോഡിന് വക്കിൽ നിലകൊള്ളുന്ന പടുകൂറ്റൻ സർപ്പക്കാവ് ഏവരിലും കൗതുകമുണർത്തുന്ന ഒന്നാണ്. രാജ്യത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നു വെള്ളായണി കായലിൽ എത്തിച്ചേരുന്ന നൂറ് കണക്കിന് അപൂർവങ്ങളായ ദേശാടന പക്ഷികൾ ചേക്കേറുന്ന കാഴ്ച കാണികൾക്ക് ആശ്ചര്യമുളവാക്കുന്ന ഒന്നാണ്. ഇതിനു സമീപത്തായി ചെറുതും വലുതുമായ മറ്റു നിരവധി കാവുകളും കാണാം. പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് താളം തെറ്റാതെ സംരക്ഷിച്ചു വന്നിരുന്ന ഇത്തരം സർപ്പക്കാവുകൾ നാശത്തിന്റെ പടവുകളേറാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും തണലും സംരക്ഷണവും നൽകുന്നതോടൊപ്പം കാവുകൾ പ്രകൃതിക്ക് നൽകുന്ന സംഭാവനകൾ ഏറെയാണ്. ആഗോളതാപനം ഇന്ന് വലിയ വെല്ലുവിളിയായി മാറുന്ന ഈ സാഹചര്യത്തിൽ കാവുകളുടെ മേന്മകൾ നാം പഠനവിഷയമാക്കേണ്ടത് അത്യാവശ്യമാണ്. പഴമക്കാർ കാവുകളെയും കുളങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാൽ ഇന്ന് നാം പുരോഗതിയുടെ പാതയിലേക്കുള്ള പ്രയാണത്തിൽ നാട്ടിൻപുറങ്ങളുടെ സകല നന്മകളും വിസ്മരിക്കുകയാണ്.
കാവുകളുടെ സംഭാവന
അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുന്ന കാര്യത്തിൽ കാവുകൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. വംശനാശം സംഭവിക്കുകയും വെട്ടി നശിപ്പിക്കപ്പെടുകയും ചെയ്യുന്ന മരങ്ങളിൽ ഏറെയും ഇപ്പോഴും കാണപ്പെടുന്നത് കാവുകളിൽ തന്നെയാണ്. വിവിധയിനം ഒൗഷധ സസ്യങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയും അപൂർവങ്ങളായ ദേശാടന പക്ഷികളുടെയും ആവാസ കേന്ദ്രവും ഇത്തരം കാവുകൾ തന്നെയാണ്. സമീപത്തുള്ള നീരുറവകളെ സംരക്ഷിക്കുന്നതിനും അവയുടെ നിലനില്പിനും കാവുകൾ ഏറെ സഹായകമാണ്.
കാവുകളുടെ സംരക്ഷണത്തിനായി സർക്കാർ തലത്തിൽ വനംവകുപ്പ് രംഗത്തെത്തിയത് പ്രകൃതി സ്നേഹികൾക്കും വിശ്വാസികൾക്കും ഏറെ ആശ്വാസമാണ് നൽകുന്നത്. കാവുകളുടെ സംരക്ഷണത്തിന് പുറമേ കണ്ടൽകാടുകളുടെ സംരക്ഷണവും ഉൾപ്പെടും എന്നാണ് സൂചന. സർക്കാരിന്റെ പുതിയ കണക്കനുസരിച്ച് രണ്ടായിരത്തോളം കാവുകളാണ് വനം വകുപ്പിന്റെ സംരക്ഷണ ചുമതലയിലുള്ളത്. പുതിയ പദ്ധതിയുടെ ആദ്യ പകുതിയിൽ കാവുകളുടെ സംരക്ഷണ ചുമതലയാണ് വനംവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്.
നിയമം
നിലവിൽ കാവുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ മരങ്ങൾ നശിപ്പിക്കാനോ വനംവകുപ്പ് അനുവദിക്കില്ല. കൂടുതൽ ഒൗഷധ സസ്യങ്ങൾ നട്ടു വളർത്തുന്നതോടൊപ്പം കാവ് നിലനിൽക്കുന്ന സ്ഥലത്തെ വിസ്തൃതി, മരങ്ങൾ, ജീവജാലങ്ങൾ എന്നിവയുടെ കണക്കുകളും വ്യക്തമായി രേഖപ്പെടുത്തണം.
വനം വകുപ്പിന്റെ സംരക്ഷണയിലുള്ളത് 2000ഓളം കാവുകൾ
ഫോട്ടോ: നേമത്തിന് സമീപം കരുമം-തിരുവല്ലം റോഡിൽ നിലകൊള്ളുന്ന കാവുകളിലൊന്ന്