വിദ്യാർത്ഥികളും സാധാരണക്കാരും പ്രതിസന്ധിയിൽ
തിരുവനന്തപുരം: സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായ ഓർഡിനറി സർവീസുകൾ വൻ തോതിൽ വെട്ടിക്കുറയ്‌ക്കുന്ന പരിഷ്‌കാരത്തിന് കെ.എസ്.ആർ.ടി.സി തയ്യാറെടുക്കുന്നു. സർവീസ് ക്രമീകരണം, നഷ്ടം വരുത്തുന്ന സർവീസുകൾ ഉപേക്ഷിക്കൽ തുടങ്ങിയ പേരുകളിലാണ് ഓർഡിനറിയെ കൊല്ലാനുള്ള പദ്ധതി. ഇതോടെ കൺസെഷൻ കാർഡുപയോഗിക്കുന്ന വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാവും. ഉയർന്ന ക്ലാസുകളിലുള്ള ബസുകളിൽ കൺസെഷൻ ലഭിക്കില്ല.
പടിപടിയായി ഓർഡിനറി സർവീസുകൾ കുറയ്‌ക്കാനാണ് ആലോചന. കിഴക്കേകോട്ട ഡിപ്പോയിലായിരുന്നു ഇതിന്റെ തുടക്കം. തുടർന്ന് കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകളുള്ള തിരുവനന്തപുരം ജില്ലയിലെ മറ്റ് ഡിപ്പോകളിലും നടപ്പാക്കി. ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കോർപറേഷന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ കാരണം യാത്രാദുരിതം ഇപ്പോൾത്തന്നെ ഇരട്ടിയാണ്. ഓർഡിനറി പരിഷ്‌കാരം കൂടിയാകുമ്പോൾ അത് വീണ്ടും കൂടും. 3503 ബസുകളാണ് ഓർഡിനറി സർവീസിനുള്ളത്. ഇപ്പോളത് വെട്ടിക്കുറച്ച് രണ്ടായിരത്തോളമാക്കി. ഇതിന്റെ രണ്ടാം ഘട്ടമായി ഫാസ്റ്റ് പാസഞ്ചർ രണ്ടു ജില്ലകളിൽ മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് ഓപ്പറേഷൻ മേധാവി ഉത്തരവിറക്കിയിരുന്നു. രണ്ട് ജില്ലകൾ കഴിഞ്ഞുള്ള സർവീസുകളെല്ലാം സൂപ്പർഫാസ്റ്റാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. യാത്രക്കാരുടെ പോക്കറ്റടിക്കുന്ന ഈ പരിഷ്‌കാരം ഡിപ്പോ മേധാവികളുടെ എതിർപ്പിൽ തത്കാലം മരവിപ്പിച്ചു.
കിഴക്കേകോട്ട മോഡൽ
കിഴക്കേകോട്ടയിൽ നിന്ന് ശരാശരി 115 ബസുകളാണ് സർവീസ് നടത്തുന്നത്. 35 എ.സി ബസുകളും 76 ഫാസ്റ്രും. നാലെണ്ണമാണ് ഓർഡിനറി സിറ്റി ബസ്. കിഴക്കേകോട്ടയിലേക്കുള്ള മറ്റ് ഡിപ്പോകളുടെ സർവീസും ഏതാണ്ടിങ്ങനെ തന്നെ. വെള്ളനാട്ടു നിന്നും നെടുമങ്ങാട്ടു നിന്നുമൊക്കെ കിഴക്കേകോട്ടയിലേക്കുള്ള സർവീസുകളെല്ലാം സിറ്റി ഫാസ്റ്റാണ്. പൂവാറും, അതിർത്തിയായ കളിയിക്കാവിളയും 'സിറ്റി" ആയതെങ്ങനെയെന്ന് പരിഷ്‌കാരം നടത്തിയവർക്കേ അറിയൂ.
ലക്ഷ്യം കൂടുതൽ വരുമാനം
കടക്കെണിയിലായപ്പോഴാണ് സാമൂഹ്യ പ്രതിബദ്ധത മറന്ന് കെ.എസ്.ആർ.ടി.സി ലാഭത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. എന്നിട്ടും കോർപറേഷനെ രക്ഷിക്കാൻ കാര്യമായി ഒന്നും ചെയ്യാതെ സർക്കാർ മാറിനിൽക്കുകയാണ്. 12,000 രൂപ കളക്‌ഷൻ കിട്ടിയാലേ സർവീസ് നഷ്ടമല്ലെന്ന് പറയാൻ കഴിയൂ. ഈ കണക്ക് വച്ചാണ് ഓർഡിനറിയെ വെട്ടുന്നത്.
ശരാശരി കളക്‌ഷൻ (രൂപ)
ഓർഡിനറി 9000-10,000
സിറ്റി ഫാസ്റ്റ് 12,500 - 13,000
ഫാസ്റ്റ് പാസഞ്ചർ 18,000-20,000
സൂപ്പർ ഫാസ്റ്റ് 30,000-32,000
ഞാൻ യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കാരേറ്ര് നിന്ന് ബസിലാണ് പാളയത്തെത്തുന്നത്. ആദ്യ വർഷം ഓർഡിനറി ബസ് കിട്ടുമായിരുന്നു. ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. കോളേജ് സമയത്ത് വെഞ്ഞാറമൂട് നിന്ന് ഒന്നോ രണ്ടോ ഓർഡിനറി ബസ് പോയാലായി. അതൊന്നും തിരക്ക് കാരണം നിറുത്താറില്ല. നിറുത്തുന്നത് ഫാസ്റ്റോ ലോ ഫ്ലോർ നോൺ എ.സി ബസുകളോ ആണ്. രണ്ടിലും കൺസെഷൻ കിട്ടില്ല.
- കോളേജ് വിദ്യാർത്ഥിനി