തിരുവനന്തപുരം:ദേശീയപാത വികസനത്തിന് കാസർകോട് ജില്ലയിലൊഴികെ സ്ഥലമെടുപ്പ് അടക്കമുള്ള പ്രവൃത്തികൾ നിറുത്തണമെന്ന കേന്ദ്ര നിലപാട് തിരുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ഈ ആവശ്യമുന്നയിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് കത്തയച്ചു.സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ദേശീയപാത അതോറിട്ടി ചെയർമാന് അയച്ച കത്തിലും ഇതേ ആവശ്യമുന്നയിച്ചു.പല ജില്ലകളിലും സ്ഥലമെടുപ്പ് പൂർത്തിയായതിനാൽ പദ്ധതി പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാനാവില്ലെന്നും ഒന്നാം മുൻഗണനാ പട്ടികയിലേക്ക് കേരളത്തെ മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കാസർകോട് തലപ്പാടി മുതൽ കഴക്കൂട്ടം വരെ 629 കിലോമീറ്രറിലാണ് പാത വികസനം. എൻ.എച്ച് 17, എൻ.എച്ച് 47 എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി നാലുവരി പാതയായി എൻ.എച്ച് 66 നിർമിക്കാനുള്ള പദ്ധതിയാണ് കേന്ദ്ര തീരുമാനത്തോടെ അവതാളത്തിലാവുന്നത്.

രണ്ടാം മുൻഗണനാ പട്ടികയിലേക്കാണ് കാസർകോട് ഒഴികെയുള്ള ജില്ലകളിലെ പ്രവൃത്തികൾ മാറ്റിയിട്ടുള്ളത്. മേയ് ഒന്നിന് ചേർന്ന നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യയുടെയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെയും ഉന്നതതല യോഗമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥലമെടുപ്പ് നിറുത്തിവയ്ക്കാൻ തീരുമാനമെടുത്തത്. കർണാടകത്തിലെ പദ്ധതികളും ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. എൻ.എച്ച്.എ.ഐയുടെ തിരുവനന്തപുരം റീജിയണൽ ഓഫീസിലാണ് ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിനെ ഇക്കാര്യം നേരിട്ട് അറിയിച്ചിരുന്നില്ല.

കാസർകോട് ജില്ലയിലെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം പദ്ധതികൾ മാത്രമാണ് ഇപ്പോൾ ആദ്യമുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കേന്ദ്രത്തിൽ നിന്ന് 1600 കോടിയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ 80 ശതമാനം സ്ഥലമെടുപ്പും പൂർത്തിയായിട്ടുണ്ട്.നഷ്ടപരിഹാരത്തുക നൽകാനുള്ള നടപടികളും തുടങ്ങി. തെക്കൻ ജില്ലകളിലും സ്ഥലമെടുപ്പിന് നോട്ടിഫിക്കേഷൻ നടന്നുകഴിഞ്ഞതാണ്.