തിരുവനന്തപുരം : തമ്പാനൂർ ബസ് ടെർമിനലിൽ നിന്ന് ശനിയാഴ്ച വൈകിട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്ത ശ്രീലങ്കൻ യുവാവ് മലൂക് ജൂത്ത് മിൽക്കൻ ഡയസ് (30) റിമാൻഡിൽ. മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് അതിക്രമിച്ചു കടന്നതിന് ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
തമ്പാനൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്നലെ വൈകിട്ടോടെയാണ് കോടതിയിൽ ഹാജരാക്കിയത്. ശനിയാഴ്ച രാത്രി ഐ.ബി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും ഇയാളുടെ സിംഹള ഭാഷ തടസമായിരുന്നു. ഇന്നലെ രാവിലെ ദ്വിഭാഷിയുടെ സഹായത്തോടെ തമിഴ്നാട് ക്യൂ ബ്രാഞ്ച്, എൻ.ഐ.എ, മിലിട്ടറി ഇന്റലിജൻസ് , കാബിനറ്റ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തു. മാലൂക്ക് ഇടക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. രണ്ടു മാസം മുൻപ് താൻ ഇവിടെ എത്തിയതായും ക്ഷേത്രങ്ങൾ സന്ദർശിക്കുകയാണ് ലക്ഷ്യമെന്നും ആദ്യം പറഞ്ഞു. ഏപ്രിലിലാണ് എത്തിയതെന്നു പിന്നീട് മാറ്റി പറഞ്ഞു. വിമാനത്തിൽ എത്തിയെന്ന് പറഞ്ഞെങ്കിലും അതിന്റെ രേഖകകൾ ഇല്ലായിരുന്നു. ബോട്ടിൽ തമിഴ്നാട്ടിൽ എത്തിയ ശേഷം ട്രെയിനിൽ കേരളത്തിൽ വന്നതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഇയാൾ തലസ്ഥാനത്ത് എത്തിയിട്ട് കുറച്ചു ദിവസമായതായും പൊലീസ് സംശയിക്കുന്നു. റോഡിലെ ചവറും മറ്റും പെറുക്കുന്ന ഇയാൾ അങ്ങനെ എടുത്തതാണ് കൈവശമുണ്ടായിരുന്ന നാഗർകോവിൽ – വർക്കല ട്രെയിൻ ടിക്കറ്റെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾക്ക് മറ്റു ബന്ധങ്ങൾ ഉണ്ടോ എന്നും പരിശോധിക്കും. വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി മാസികാസ്വാസ്ഥ്യമുണ്ടോയെന്ന് ഉറപ്പാക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.