തിരുവനന്തപുരം : വനിതാ ജഡ്‌ജിയെ ഫോണിൽ വിളിച്ച് മോശമായി സംസാരിക്കുന്നതായും മെസേജുകളയച്ച് ശല്യപ്പെടുത്തുന്നതായും പരാതി. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജഡ്ജിയുടെ ഫോൺ നമ്പരിൽ പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയിരുന്നു. തുടർന്ന് ജഡ്ജിയുടെ മൊബൈൽ നമ്പരും പ്രൊഫൈലിൽ ഉൾപ്പെടുത്തി. ഈ നമ്പരിലേക്കാണ് മറ്റൊരു വ്യക്തി വിളിച്ച് ശല്യം ചെയ്യുന്നത്.
ഇയാളിൽ നിന്ന് നിരന്തരം സന്ദേശങ്ങൾ ലഭിച്ചപ്പോൾ തിരിച്ച് വിളിച്ച് ശല്യം ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. ശല്യം തുടർന്നതോടെ ജഡ്ജി നമ്പർ ബ്ലോക്ക് ചെയ്യുകയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. ഈ പരാതിയാണ് ഇന്നലെ കന്റോൺമെന്റ് പൊലീസിന് കൈമാറിയത്.
പ്രതികളെ കണ്ടെത്തുന്നതിന് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്ന് കന്റോൺമെന്റ് സി.ഐ അറിയിച്ചു. പ്രതികൾക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.