വർക്കല: കാപ്പിൽ പ്രദേശത്ത് കൂടി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സിയുടെ രണ്ട് ബസുകൾ നിർത്തലാക്കിയിട്ട് മാസങ്ങൾ പിന്നിടുന്നു. കളക്ഷൻ കുറവാണെന്ന കാരണം പറഞ്ഞാണ് സർവീസ് നിർത്തിയത്. യാത്രാക്ലേശം രൂക്ഷമായ ഇടവ, കാപ്പിൽ, പരവൂർ റൂട്ടിൽ പൊതുജനങ്ങളുടെ ആവശ്യപ്രകാരം വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ രണ്ട് സർവീസ് ബസുകളാണ് നഷ്ടക്കണക്കിന്റെ പേരിൽ മുന്നറിയിപ്പ് പോലുമില്ലാതെ നിറുത്തി വച്ചത്.

തിരക്കേറിയ സമയങ്ങളിൽ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും മറ്റു ജോലിക്കാർക്കും വരുന്നതിനും പോകുന്നതിനും ഏറെ പ്രയോജനകരമായിരുന്നു ഈ സർവീസുകൾ. സമയത്ത് ജോലി സ്ഥലത്തും സ്കൂളുകളിലും എത്താൻ കഴിയാതെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും വഴിയരികിൽ വിഷമിച്ചു നിൽക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്.

ഓരോ കാരണങ്ങൾ പറഞ്ഞ് ഘട്ടം ഘട്ടമായാണ് ഈ രണ്ട് സർവീസുകൾ നിറുത്തലാക്കിയത്. തിരുവനന്തപുരത്തു നിന്നും രാത്രിയിൽ കാപ്പിലെത്തുന്ന സ്റ്റേ ബസ് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. രാത്രി 7ന് ശേഷം ഇടവ കാപ്പിൽ പരവൂർ ഭാഗത്തേക്ക് സ്വകാര്യ ബസുകളും സർവീസ് നടത്താറില്ല. കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തലാക്കുന്നതോടെ ഒരു പ്രദേശത്തിന്റെ യാത്രാ ദുരിതം വർദ്ധിക്കുകയാണ്. ഇപ്പോൾ ഇരട്ടി ചാർജ് കൊടുത്തു ഓട്ടോയിൽ സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും ഗ്രാമപഞ്ചായത്തിന്റെയും കെ.എസ്.ആർ.ടി.സിയുടെയും ഇടപെടലുകൾ ഉണ്ടാകണമെന്നാണ് കാപ്പിൽ നിവാസികളുടെ അഭിപ്രായം.