തിരുവനന്തപുരം: തിരുവനന്തപുരം - തൃശൂർ റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസുകളുടെ സമയം ക്രീമീകരിച്ച് ചെയിൻ സർവീസുകളാക്കാനുള്ള കെ.എസ്.ആർ.ടി.സി തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ നടപ്പിലാകും.
15 മിനിട്ട് ഇടവേളയിൽ എൻ.എച്ച്. വഴിയും എം.സി. റോഡ് വഴിയും ക്രമീകരിച്ചാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്. സൂപ്പർഫാസ്റ്റ് ചെയിൻ സർവീസ് ഇത് ആദ്യമാണ്. തിരുവനന്തപുരം തൃശൂർ റൂട്ടിൽ ഇരു ദിശകളിലേക്കും എല്ലാ 15 മിനിറ്റിലും 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തിൽ സൂപ്പർഫാസ്റ്റ് സർവീസുകൾ ഉണ്ടായിരിക്കും. ജനപ്രിയമായിരുന്ന പല സർവീസുകളുടെയും സമയക്രമം പരമാവധി സംരക്ഷിച്ചു കൊണ്ടാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ദീർഘദൂര യാത്രക്കാരുള്ള തിരുവനന്തപുരം തൃശൂർ റൂട്ടിൽ കൃത്യമായ ഇടവേളകളിൽ സൂപ്പർ ഫാസ്റ്റ് സർവീസുകൾ ലഭ്യമാകുന്നത് രാത്രികാലങ്ങളിൽ ദീർഘദൂര യാത്രക്കാർക്ക് വളരെയധികം സഹായകമാകുമെന്നാണ് കരുതുന്നത് എന്ന് കെ.എസ്.ആർ.ടി.സി എം.ഡി എം. പി. ദിനേശ് പറഞ്ഞു.
ഒരേസമയം തന്നെ മൂന്ന് നാല് ബസുകൾ ഒരുമിച്ച് കടന്നുപോകുന്നതും തുടർന്ന് മണിക്കൂറുകളോളം സർവീസുകൾ ലഭ്യമല്ലാതിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനമെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. സർവീസ് കാര്യക്ഷമാക്കുന്നതിന് പ്രധാനപ്പെട്ട ഡിപ്പോകളിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
സംശയങ്ങൾക്ക്: ഫോൺ - 7025041205, 8129562972
വാട്സ് ആപ്പ് നമ്പർ: 8129562972
കൺട്രോൾ റൂം : 047-12463799, 9447071021
സീറ്റുകൾ റിസർവ് ചെയ്യാൻ www.online.keralàrtc.com