train

തിരുവനന്തപുരം: അറുപതിനായിരം കോടി രൂപ ചിലവിൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. ഇതോടെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനും വായ്പ തരപ്പെടുത്താനുമുള്ള നടപടികൾക്ക് തുടക്കമാകും.

പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരം - കാസർകോഡ് യാത്രാസമയം 15മണിക്കൂറിൽ നിന്ന് 4.5 മണിക്കൂറായി ചുരുങ്ങും

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഭൂമിയും ചെലവും പരമാവധി കുറച്ചുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് എൻജിനീയറിംഗ് സ്ഥാപനമായ സൈസ്ട്രയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇവരുടെ ആദ്യറിപ്പോർട്ടിൽ കൊച്ചുവേളി മുതൽ കാസർകോഡ് വരെ 510കിലോമീറ്റർ പദ്ധതിക്ക് 55,000 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇത് പരിശോധിച്ച വിദഗ്ദ്ധസമിതിയുടെ ശുപാർശകളും സർക്കാരിന്റെ നിർദ്ദേശങ്ങളും പാലിച്ചാണ് അടുത്തയാഴ്ച റിപ്പോർട്ട് നൽകുക. നിലവിലെ അലൈൻമെന്റിലും സർക്കാർ മാറ്റം നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രീ - ഫീസിബിലിറ്റി റിപ്പോർട്ടിൽ ട്രാഫിക് പ്രൊജക്‌ഷൻ ഉൾക്കൊള്ളിച്ചിട്ടില്ല. നേരത്തേ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ട്രാഫിക് പ്രൊജക്‌ഷൻ റിപ്പോർട്ട് നൽകിയിരുന്നു. അത് തന്നെ അന്തിമമായി സ്വീകരിക്കാനാണ് തീരുമാനം. പുതിയ ട്രാഫിക് പ്രൊജക്‌ഷൻ റിപ്പോർട്ട് തയ്യാറാക്കാൻ മുതിർന്നാൽ പദ്ധതിക്ക് വീണ്ടും വൈകും.

നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായല്ല പുതിയ ലൈൻ. വളവുകളും തിരിവുകളും മാറ്റി നീളം പരമാവധി കുറച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.

സെമി ഹൈസ്പീഡ് റെയിൽ

മൊത്തം നീളം 510കിലോമീറ്റർ

ചെലവ് 60,000 കോടിരൂപ

70 ശതമാനവും ആകാശ പാത

നിർമ്മാണം തുടങ്ങുന്നത് 2020ൽ

പൂർത്തിയാകുന്നത് 2027ൽ

ഇതുവരെ

കരട് ഡി.പി.റിപ്പോർട്ട് മേയ് 13ന് സമർപ്പിക്കും

ഫ്രഞ്ച് കമ്പനി സൈസ്ട്രയുമായി 27കോടിയുടെ കരാർ ഒപ്പുവെച്ചു

റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകരിച്ചു

ചെലവ് പങ്കിടാൻ റെയിൽവേ ബോർഡും സർക്കാരിന്റെ കേരള റെയിൽവേ വികസന കോർപറേഷനും കരാർ ഒപ്പുവെച്ചു

ഇനി ചെയ്യാനുള്ളത്

അന്തിമ റിപ്പോർട്ട് നടപടികൾ ജൂണിൽ തുടങ്ങും

ട്രാഫിക് പ്രൊജക്‌ഷൻ റിപ്പോർട്ട് അംഗീകരിക്കണം

വായ്പാ നടപടികൾ അടുത്തവർഷം ആദ്യം തുടങ്ങും

ലാൻഡ് ബോർഡുമായി ഭൂമി ഏറ്റെടുക്കൽ ചർച്ച ഇൗ മാസം തുടങ്ങും

"സൈസ്ട്ര ഏജൻസിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമേ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങാനാകൂ. അത് കഴിഞ്ഞാൽ പദ്ധതി വളരെ വേഗം മുന്നോട്ട് നീങ്ങും"

വി. അജിത് കുമാർ,

മാനേജിംഗ് ഡയറക്ടർ, കേരള റെയിൽവേ വികസന കോർപറേഷൻ