വിതുര: വിതുര, തൊളിക്കോട്, പെരിങ്ങമ്മല, നന്ദിയോട്, ആര്യനാട് പഞ്ചായത്തുകളിൽ നിന്നായി നൂറുകണക്കിന് പേർ ചികിത്സതേടിയെത്തുന്ന വിതുര ഗവ. താലൂക്ക് ആശുപത്രിക്ക് നിരത്തുവാനുള്ളത് ദുരിതകഥമാത്രമാണ്.പരിമിതികൾക്കും പരാധീനതകൾക്കും മദ്ധ്യേതാളം തെറ്റിയാണ് ആശുപത്രിയുടെ പ്രവർത്തനം. ആശുപത്രി പ്രവർത്തനം ആരംഭിച്ചിട്ട് അരനൂറ്റാണ്ടാകുന്നു. പ്രഖ്യാപിച്ച വികസനപദ്ധതികൾ അനവധിയാണ്. പക്ഷേ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും കടലാസിലൊതുങ്ങുകയാണ് പതിവ്.
ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരും സ്റ്റാഫ് നഴ്സുംഇല്ല. മറ്റ് ജീവനക്കാരുടെ കുറവുമുണ്ട്. നിലവിലുള്ളവർ കൂടുതൽ ജോലിനോക്കി നടുവൊടിയുകയാണ്. പ്രശ്നം ആരോഗ്യവകുപ്പ് മേധാവികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളില്ല. രോഗികളുടെ എണ്ണം കൂടിയതോടെ ഏറെ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ.
മലയോരമേഖലയിൽ അധിവസിക്കുന്നവർക്ക് അനുഗ്രഹമായി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന വിതുര ഗവ കമ്മ്യൂണിറ്റി ഹെൽത്ത് സെൻഡറിനെ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ ഒന്നും തന്നെ ഒരുക്കിയില്ല. പ്രഖ്യാപനം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ആശുപത്രിയുടെ അവസ്ഥ ഇപ്പോഴും പരിതാപകരം തന്നെ.
ആശുപത്രിയിൽകൂടുതൽ ഡോക്ടർമാരെയും സ്റ്റാഫ് നഴ്സുമാരേയും നിയമിച്ച് ഇരുപത്തിനാല് മണിക്കൂറും കാഷ്വാലിറ്റി പ്രവർത്തിപ്പിക്കുമെന്നായിരുന്നു ഉദ്ഘാടനവേളയിൽ നടന്ന പ്രഖ്യാപനം. എന്നാൽ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.
നൂറുകണക്കിന് പാവപ്പെട്ടവർ ചികിത്സ തേടിയെത്തുന്ന വിതുര ഗവ. താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നും. ആവശ്യമുള്ള ഡോക്ടർമാരേയും, സ്റ്റാഫ് നഴ്സുമാരേയും നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഒമ്പതിന് ആശുപത്രി പടിക്കൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻസ് ഒാഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ രക്ഷാധികാരിമാരായ എസ്. സതീശചന്ദ്രൻനായർ, മണ്ണറവിജയൻ, പ്രസിഡന്റ് ജി.ഗിരീശൻ, ജനറൽസെക്രട്ടറി ടി.വി. പുഷ്ക്കരൻനായർ എന്നിവർ അറിയിച്ചു.