തിരുവനന്തപുരം : യൂണിയൻ പ്രവർത്തനങ്ങളിൽ നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നതിനാൽ പഠിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയുടെ മൊഴി ഇന്ന് കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തും. കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ ആത്മഹത്യാശ്രമം നടന്നതിനാലാണ് ഇവിടെ കേസെടുത്തത്.

കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച രാവിലെയാണ് സ്ത്രീകളുടെ വിശ്രമമുറിയിൽ കൈഞരമ്പ് മുറിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ വ്യാഴാഴ്ച നൽകിയ പരാതിയിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് മൊഴി നൽകിയതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു.

ആത്മഹത്യക്കുറിപ്പിൽ എസ്.എഫ്‌.ഐ നേതാക്കൾക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇവർക്കെതിരെ കേസെടുക്കാൻ സാധിക്കുമോയെന്ന് പൊലീസ് നിയമോപദേശം തേടും. ആത്മഹത്യക്കുറിപ്പ് എഴുതിയ ആൾ മരിച്ചാലോ ശ്രമത്തിന് ശേഷം രക്ഷപ്പെട്ടാൽ കുറിപ്പിലെ മൊഴിയിൽ ഉറച്ച് നിന്നാലോ മാത്രമേ കേസെടുക്കാൻ സാധിക്കൂ. ഇന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.