2

വിഴിഞ്ഞം: വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. വർഷാവർഷം കോടികളുടെ പദ്ധതികൾ പലതും ആസൂത്രണം ചെയ്യുമെങ്കിലും അവയിൽ പലതും പാതിവഴിയിൽ അവസാനിക്കാറാണ് പതിവ്. കൃത്യമായ ആസൂത്രണമില്ലായ്മയാണ് പദ്ധതികൾ ഇത്തരത്തിൽ ഉപേക്ഷിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ പക്ഷം. എന്നാൽ ചില പദ്ധതികൾ മത്സ്യത്തൊഴിലാളികളുടെയോ സംഘടനകളുടെയോ എതിർപ്പിനെ തുടർന്ന് നടക്കാതെ പോയതാണ്. പല പദ്ധതികളും നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണെന്ന ആരോപണവുമുണ്ട്. 1962 ൽ അന്നത്തെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി എസ്.കെ. പാട്ടീലാണ് തുറമുഖനിർമാണം ഉദ്‌ഘാടനം ചെയ്തത്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇതുവരെ പൂർത്തിയാക്കാനായത്. ലീവേർഡ്, സീവേർഡ് എന്നീ രണ്ടു ബ്രേക്ക് വാട്ടറുകൾ നിർമിച്ചതൊഴിച്ചാൽ മറ്റു പണികൾ ഒന്നും നടന്നിട്ടില്ല. 122 ലക്ഷം ആയിരുന്നു തുടക്കത്തിൽ പദ്ധതി ചെലവ്. എന്നാൽ 40 വർഷം കൊണ്ട് പതിന്നാലു കോടി ചെലവാക്കിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.

നഷ്ടമുണ്ടാക്കുന്ന നവീകരണങ്ങൾ

വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച വാർഫ് മത്സ്യത്തൊഴിലാളികൾക്ക് ഇതുവരെ ഉപയോഗിക്കാനായിട്ടില്ല

ഇവിടെ ഇപ്പോൾ അനാഥ ബോട്ടുകളുടെയും കേസുകളിൽ അകപ്പെട്ട ബോട്ടുകളുടെയും സുരക്ഷിത താവളമാണ്

വാർഫ് വാടക ഇനത്തിൽ നല്ലൊരു തുക ഈടാക്കുന്നുണ്ടെങ്കിലും ആർക്കും പ്രയോജനമില്ല

സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് തീരത്തെ കസ്റ്റംസ് ഓഫീസും പോർട്ട് വാർഫ് ഓഫീസും പ്രവർത്തിക്കുന്നത്

തുറമുഖ വകുപ്പിനു കീഴിലുള്ള പോർട്ട് ഓഫീസ് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്

കോസ്റ്റൽ പൊലീസിന്റെ കെട്ടിടം നവീകരിക്കാതെ മേൽക്കൂര പൊളിഞ്ഞു തുടങ്ങി

കോടികൾ ചെലവഴിച്ചാണ് ഇവിടെ കോസ്റ്റൽ പൊലീസിന് പുതിയ മന്ദിരം പണിതത്

ഉപകരണങ്ങൾ ഉപയോഗശൂന്യം

മത്സ്യത്തൊഴിലാളികൾക്കു വിവരങ്ങൾ നൽകുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി നിരവധി ഉപകരണങ്ങളും സംവിധാനങ്ങളും തീരദേശത്തു നടപ്പാക്കാറുണ്ടെങ്കിലും ഇവയുടെ പ്രവർത്തനം ഏതാനും മാസങ്ങൾക്കകം തന്നെ നിലയ്ക്കും. രണ്ടു കോടി ചെലവിൽ ഭൗമ ശാസ്ത്രകേന്ദ്രം സ്ഥാപിച്ച ഡിസ്‌പ്ലേ സംവിധാനം ഇപ്പോൾ കാഴ്ച വസ്തുവായി. പുതിയ വാർഫിൽ നിർമിച്ച വേയ്ബ്രിഡ്ജ് തുരുമ്പെടുത്തു നശിച്ചുതുടങ്ങി. 65 ലക്ഷം രൂപ മുടക്കി വാങ്ങിയ ബോട്ട് പരീക്ഷണ ഓട്ടത്തിന് ശേഷം ഉപയോഗിച്ചിട്ടില്ല. ഇവിടെ രക്ഷാപ്രവർത്തനത്തിന് വാടകബോട്ടിനെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. മത്സ്യബന്ധന സീസൺ ആകുമ്പോൾ കെട്ടിമേയുന്ന ഇനത്തിൽ ലക്ഷങ്ങളാണ് വർഷം തോറും സർക്കാരിന് നഷ്ടം. ദീർഘവീക്ഷണവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ കോടികളുടെ നഷ്ടം ഒഴിവാക്കാനാകുമെന്നു ചില ഉദ്യോഗസ്ഥർ പറയുന്നു.