വിഴിഞ്ഞം : പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഐ.പി.എസ് ട്രെയിനിയും തിരുവല്ലം സ്റ്റേഷനിലെ എസ്.എച്ച്.ഒയായ ഐശ്വര്യ പ്രശാന്ത് ദോംഗ്രെയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയുടെ സി.സി ടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു. കോവളം - പാച്ചല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ കൊല്ലന്തറയ്‌ക്ക് സമീപം ശനിയാഴ്‌ച രാവിലെ ഏഴിനായിരുന്നു സംഭവം.
സമീപത്തെ കടകളിലുൾപ്പെടെയുള്ള സി.സി ടിവി കാമറകളിൽ നിന്നാണ് പ്രതിയുടെ ദൃശ്യം ലഭിച്ചത്. കറുത്ത ടീ ഷർട്ടും നീല ട്രാക് സൂട്ടും ധരിച്ച് ബൈക്കിലെത്തിയ 25 വയസ് തോന്നുന്ന യുവാവാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. ഇയാളെ തിരിച്ചറിഞ്ഞെങ്കിലും കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലം കേന്ദ്രീകരിച്ച് കഞ്ചാവ് വിറ്റിരുന്ന യുവാക്കളെ കഴിഞ്ഞ ദിവസം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. സംഭവത്തിന് പിന്നിൽ ഇവരുടെ സംഘത്തിൽപ്പെട്ടവരാകാം എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
ദൃശ്യത്തിൽ കാണുന്ന യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497990009, 0471-2460352 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായർ അറിയിച്ചു. ഉദ്യോഗസ്ഥയ്‌ക്ക് പിന്നാലെ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും കൈ തട്ടി മാറ്റുകയായിരുന്നു. ആക്രമണത്തിൽ പതറാതെ വനിതാ ഓഫീസർ പിറകെ ഓടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.