ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടപോരാട്ടത്തിൽ ഒട്ടും വിട്ടുകൊടുക്കാനില്ലെന്ന് പ്രഖ്യാപിച്ച് ലിവർപൂൾ കഴിഞ്ഞരാത്രി ന്യൂകാസിൽ യുണൈറ്റഡിനെതിരെ പൊരുതി നേടിയ 3-2 ന്റെ വിജയം ലിവർപൂളിനെ വീണ്ടും പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിച്ചു. എന്നാൽ ഈ വിജയത്തിനിടെ സൂപ്പർതാരം മുഹമ്മദ് സലായുടെ തലയ്ക്ക് പരിക്കേറ്റത് ലിവർപൂളിന് തിരിച്ചടിയായി. ചൊവ്വാഴ്ച രാത്രി ബാഴ്സലോണയ്ക്കെതിരെ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിഫൈനലിൽ സാല കളിക്കുന്ന കാര്യം സംശയത്തിലാണ്.
3-2
പ്രിമിയർ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ലിവർപൂൾ ന്യൂകാസിലിനെതിരെ അവസാനംവരെ പൊരുതിയാണ് വിജയം നേടിയത്. എതിരാളികളുടെ തട്ടകത്തിൽ 13-ാം മിനിട്ടിൽ വാർഡിക്ക് ലിവർപൂളിനെ മുന്നിലെത്തിച്ചു. 20-ാം മിനിട്ടിൽ അത്സു സമനില പിടിച്ചു. 28-ാം മിനിട്ടിൽ സലയിലൂടെ ലിവർ പൂൾ വീണ്ടും മുന്നിൽ. 54-ാം മിനിട്ടിൽ റോൺഡോൺ 2-2ന് സമനിലയിലെത്തിച്ചു. 86-ാം മിനിട്ടിൽ ഡിർക്ക് ഒറിജിയുടെ തകർപ്പൻ ഹെഡറിൽ നിന്ന് ലിവർപൂളിന്റെ വിജയം.
94-92
ഈ വിജയത്തോടെ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ രണ്ട് പോയിന്റ് വ്യത്യാസത്തിൽ പ്രിമിയർ ലീഗിൽ ഒന്നാമതെത്തി.
37 മത്സരത്തിൽ നിന്ന് 94 പോയിന്റായി ലിവർപൂളിന്.
36 മത്സരങ്ങളിൽ നിന്നാണ് മാഞ്ചസ്റ്റർ സിറ്റിക്ക് 92 പോയിന്റ്.
പക്ഷേ സിറ്റിക്കാണ് കൂടുതൽ കിരീട സാധ്യത. സിറ്റിക്ക് ഇനി രണ്ട് മത്സരങ്ങൾ ബാക്കി. ലിവർപൂളിന് ഒന്നും.
അറിയാം ഇന്നുരാത്രി
ഇന്ന് രാത്രി 12.30ന് മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ മാഞ്ചസ്റ്ററിന് ജയിക്കാനായാൽ 12ന് നടക്കുന്ന ലീഗിലെ അവസാന മത്സരംവരെ സസ്‌പെൻസ് നീളും. ലിവർപൂളിന്റെ മുൻ കോച്ച് ബ്രെൻഡൻ റോഡ് ജേഴ്സ് പരിശീലിപ്പിക്കുന്ന ലെസ്റ്ററിന് മാഞ്ചസ്റ്ററിനെ സമനിലയിലാക്കാനോ തോൽപ്പിക്കാനോ കഴിഞ്ഞാൽ ലിവർപൂളിന് പ്രതീക്ഷ ഉണരും. കോച്ചെന്ന നിലയിൽ ലിവർ പൂളിന് ഒരു കിരീടം പോലും നേടിക്കൊടുത്തിട്ടില്ലാത്ത റോഡ്ജേഴ്സ് തന്റെ പഴയ ക്ളബിന് കിരീടവഴിയൊരുക്കുമോ എന്നാണ് അറിയേണ്ടത്.
സലയുടെ തല
ന്യൂകാസിൽ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചാണ് മുഹമ്മദ് സലയ്ക്ക് പരിക്കേറ്റത്. ഗ്രൗണ്ടിൽ വീണുകിടന്ന സലായെ സ്ട്രെച്ചറിലാണ് പുറത്തേക്ക് മാറ്റിയത്. വിദഗ്ദ്ധ പരിശോധനകൾക്കുശേഷമേ സലായ്ക്ക് ബാഴ്സയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കാനാകൂ എന്ന് ലിവർപൂൾ കോച്ച് യൂർഗൻ ക്ളോപ്പ് പറഞ്ഞു. ആദ്യപാദത്തിൽ ബാഴ്സയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റുനിൽക്കുകയാണ് ലിവർപൂൾ.
ഫിർമിനോയില്ല
ബാഴ്സയ്ക്കെതിരായ രണ്ടാംപാദ സെമിയിൽ ബ്രസീലിയൻ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോയും ലിവർപൂൾ നിരയിലുണ്ടാവില്ല. പേശിവലിവ് കാരണം ന്യൂകാസിലിനെതിരായ മത്സരത്തിലും ഫിർമിനോ കളിച്ചിരുന്നില്ല.