തിരുവനന്തപുരം: എറണാകുളം ചൂർണിക്കരയിൽ 25 സെന്റ് ഭൂമി നികത്താനായി ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർ.ഡി.ഒയുടെ
യും പേരിൽ വ്യാജ ഉത്തരവിറക്കിയ സംഭവത്തിൽ പൊലീസ് വിജിലൻസ് അന്വേഷണം നടത്തുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കത്ത് നൽകി.
സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ, ഒറ്റപ്പെട്ട സംഭവമാണോ, കൂടുതൽ ഉത്തരവ് ഇത്തരത്തിൽ ഇറങ്ങിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. ഇതേ കുറിച്ച് വകുപ്പ് തല അന്വേഷണവും റവന്യുവിജിലൻസ് അന്വേഷണവും നടത്തും. ക്രിമിനൽ കേസായിട്ടായിരിക്കും പൊലീസ് വിജിലൻസ് അന്വേഷിക്കുക.
വ്യാജരേഖയുണ്ടാക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർ യു.വി ജോസ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
നിലംനികത്തൽ ഇന്ന് അവലോകനം
എറണാകുളത്തെ കുന്നത്തുനാടിൽ നിലം നികത്തുന്നത് തടഞ്ഞ കലക്ടറുടെ ഉത്തരവ് റദ്ദാക്കി വീണ്ടും നിലം നികത്താൻ റവന്യുവകുപ്പ് അനുമതി നൽകിയെന്ന സംഭവത്തിൽ റവന്യു മന്ത്രി ഇന്ന് അവലോകനം നടത്തും. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുന്നത്തുനാട് വില്ലേജിലെ 15ഏക്കർ വയൽ ഭൂമി നികത്താനാണ് ജില്ലാകളക്ടറുടെ ഉത്തരവ് റദ്ദാക്കി റവന്യുവകുപ്പ് അനുമതി നൽകിയത്. കേരള നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം നിരാകരിച്ചുമായിരുന്നു ഉത്തരവ്.
കൊച്ചിയിൽ രജിസ്റ്റർ ചെയ്ത സ്പീക്സ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണ് ഭൂമി. മുൻപ് ഇത് സിന്തൈറ്റ് കമ്പനിയുടെ പേരിലായിരുന്നു. തണ്ടപ്പേർ അനുസരിച്ച് ഇത് നിലമാണ്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് തയ്യാറാക്കിയ ഡേറ്റാബാങ്കിലും ഇത് നിലം തന്നെയാണ്.