തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കായി കരാർ സർവീസ് നടത്തുന്ന സ്‌കാനിയ ബസ് കർണാടക മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ശേഷം വിട്ടയച്ചു. ഇന്നലെ രാത്രി 9.30ന് ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെടേണ്ട ബസാണ് കർണാടക ഉദ്യോഗസ്ഥർ വൈകിട്ട് മൂന്നരയോടെ മഡിവാളയിൽ പിടിച്ചെടുത്തത്. സ്വകാര്യബസുകളുടെ ബംഗളൂരുവിലെ പ്രധാന ഓപ്പറേറ്റിംഗ് കേന്ദ്രമാണ് മഡിവാള. സംഭവത്തിനു പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും സംശയമുണ്ട്.
ബസിന് രേഖകളില്ലെന്നും നിയമം ലംഘിച്ച് പരസ്യം പതിച്ചെന്നും ആരോപിച്ചായിരുന്നു നടപടി. എല്ലാ സീറ്റിലും ബുക്കിംഗ് കഴിഞ്ഞ ശേഷമുള്ള നടപടി യാത്രക്കാരെ വഴിയിലാക്കുമെന്നായതോടെ സംസ്ഥാന ഗതാഗത കമ്മിഷണർ സുധേഷ്‌കുമാർ കർണാടക ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. തുടർന്ന് രാത്രി എട്ടോടെ ബസ് വിട്ടു കൊടുത്തു.
പൊതുമേഖലാ കോർപറേഷനുകൾക്കായി ഓടുന്ന ബസുകൾക്ക് രേഖകൾ ഹാജരാക്കാൻ ഒരാഴ്‌ചത്തെ സാവകാശം നൽകാറുണ്ട്. അതിനാൽ അസൽ രേഖകൾ വാഹനത്തിൽ സൂക്ഷിച്ചിരുന്നില്ല. നികുതിയടച്ച രസീതും യഥാർത്ഥ പെർമിറ്റും ഹാജരാക്കാനാണ് കർണാടക ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. അന്തർ സംസ്ഥാനത്തേക്ക് അനധികൃത സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിനിടെ കർണാടകയിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ നടപടി കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ചിരിക്കുകയാണ്.