afridi-gambhir-verbal-spa
afridi gambhir verbal spat

ന്യൂഡൽഹി : പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷഹിദ് അഫ്രീദിയുടെ ആത്മകഥ ഗെയിം ചെയ്ഞ്ചറിലെ പരാമർശങ്ങളുടെ പേരിൽ മുൻ ഇന്ത്യൻ ക്രിക്കറ്റർ ഗൗതം ഗംഭീറും അഫ്രീദിയും തമ്മിലുള്ള വാക് പോരിന് ശമനമില്ല. കഴിഞ്ഞദിവസം അഫ്രീദിയെ മാനസിക രോഗചികിത്സയ്ക്ക് ക്ഷണിച്ച ഗംഭീറിന് ഇന്നലെ അതേ നാണയത്തിൽ മറുപടിയായി അഫ്രീദി രംഗത്തുവന്നു. ഡൽഹിയിൽ ലോക്‌സഭാ സ്ഥാനാർത്ഥിയായ ഗംഭീർ പ്രചാരണത്തിരക്കിനിടയിലും ട്വിറ്ററിലൂടെ അഫ്രീദിക്ക് മറുപടി നൽകുകയാണ്.

വിവാദ വഴി

കളിക്കളത്തിൽ പലതവണ ഉടക്കിയിട്ടുള്ള ഗംഭീറിനെക്കുറിച്ച് അഫ്രീദി തന്റെ പുസ്തകത്തിൽ വ്യക്തിത്വമില്ലാത്തവൻ എന്ന് പരാമർശിച്ചു. ഗംഭീറിനെപ്പോലെ പോസിറ്റീവ് സമീപനമില്ലാത്ത ആളുകളെ തങ്ങളുടെ നാട്ടിൽ നശിച്ചുപോയവനെന്നാണ് വിളിക്കുകയെന്നും പരിഹസിച്ചു.

ഇതിന് മറുപടിയായി ഗംഭീർ അഫ്രീദിക്ക് മാനസിക പ്രശ്നമാണെന്നും ഇതിന് ഇന്ത്യയിൽ ചികിത്സിക്കാൻ സൗകര്യമൊരുക്കാമെന്നും ട്വീറ്റ് ചെയ്തു. പാകിസ്ഥാനികൾക്ക് ഇന്ത്യ പൊതുവെ വിസ നൽകാറില്ലെങ്കിലും ചികിത്സാ ആവശ്യം പരിഗണിച്ച് താൻ വിസയ്ക്കായി ശുപാർശ ചെയ്യാമെന്നും ഗംഭീർ എഴുതി.

ഇതിന് മറുപടിയായി ഇന്നലെ നടന്ന പുസ്തക പ്രകാശനച്ചടങ്ങിൽ ഗംഭീറിനാണ് മാനസിക രോഗമെന്നും അതിന് നല്ല ചികിത്സ പാകിസ്ഥാനിൽ കിട്ടുമെന്നും അഫ്രീദി പറഞ്ഞു. പാകിസ്ഥാനികൾക്ക് ഇന്ത്യ വിസ നൽകിയില്ലെങ്കിലും ഇന്ത്യക്കാർക്ക് പാകിസ്ഥാൻ വിസ നൽകുമെന്നും അഫ്രീദി പറഞ്ഞു.

ആ സെഞ്ച്വറി സച്ചിന്റെ ബാറ്റുകൊണ്ട്

1996 ൽ ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ താൻ 37 പന്തിൽ സെഞ്ച്വറി നേടി റെക്കാഡിട്ടത് സച്ചിൻ ടെൻഡുൽക്കറുടെ ബാറ്റുകൊണ്ടെന്ന് ഷാഹിദ് അഫ്രീദിയുടെ ആത്മകഥയിൽ വെളിപ്പെടുൽ. സിയാൽ കോട്ടിലെ ബാറ്റ് നിർമ്മാണ ഫാക്ടറിയിൽ തനിക്ക് പുതിയ ബാറ്റ് നിർമ്മിക്കാൻ മാതൃകയായി സച്ചിൻ തന്റെ ഒരു ബാറ്റ് പാക് താരം വഖാർ യൂനിസിനെ ഏൽപ്പിച്ചിരുന്നു. അത് വഖാർ തനിക്ക് നൽകിയെന്നും ഇതുപയോഗിച്ചാണ് സിക്സും ആറ് ഫോറുമടക്കം സെഞ്ച്വറിയടിച്ചതെന്നും അഫ്രീദി എഴുതുന്നു. ആ മത്സരത്തിന് മുമ്പ് സനത് ജയസൂര്യയെയും മുത്തയ്യ മുരളീധരനെയും സിക്‌സടിക്കുന്നത് താൻ സ്വപ്നം കണ്ടെന്നും വെളിപ്പെടുത്തലുണ്ട്. അന്ന് തന്റെ പ്രായം 21 ആയിരുന്നുവെന്നും 16 ആയിരുന്നില്ലെന്നും അഫ്രീദി പുസ്തകത്തിലൂടെ തുറന്നെഴുതുന്നു.