ipl-rcb-finish-last
ipl rcb finish last

ബംഗളുരു : കഴിഞ്ഞ രാത്രി നടന്ന തങ്ങളുടെ അവസാന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നാലുവിക്കറ്റിന് തോൽപ്പിച്ച് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുനിന്ന് കരകയറിയിരുന്ന ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ഇന്നലെ വീണ്ടും അവസാന സ്ഥാനത്തായി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഇലവൻ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ചതോടെയാണ് ബാംഗ്ളൂർ പട്ടികയിലെ പതിവ് എട്ടാം സ്ഥാനത്തേക്ക് തിരിച്ചുവന്നത്.

അവസാന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ജയിക്കാനായി എന്നതുമാത്രമാണ് ബാംഗ്ളൂരിന് അഭിമാനിക്കാനുള്ള കാര്യം. അതേസമയം ബാംഗ്ളൂരിനോട് തോറ്റ സൺറൈസേഴ്സിന്റെ പ്ളേ ഒഫ് സാദ്ധ്യതകൾ തുലാസിലാകുകയും ചെയ്തു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഉയർത്തിൽ 175/7 എന്ന സ്കോർ നാലുപന്തും നാല് വിക്കറ്റുകളും ബാക്കി നിൽക്കെയാണ് ബാംഗ്ളൂർ മറികടന്നത്. ക്യാപ്ടൻ കേൻവില്യംസണിന്റെ (70) അപരാജിത അർദ്ധ സെഞ്ച്വറിയാണ് ഹൈദരാബാദിനെ 175 ലെത്തിച്ചത്. എന്നാൽ 47 പന്തുകളിൽ 75 റൺസുമായി ഷിമ്‌റോൺ ഹെട്‌മേയറും 48 പന്തിൽ 65 റൺസുമായി ഗുർക്കീരത്ത് സിംഗും തകർത്തടിച്ചതോടെ ജയം ബാംഗ്ളൂരിനെത്തി. ഹെറ്റ്‌മേയറാണ് മാൻ ഒഫ് ദ മാച്ച്.

ബാംഗ്ളൂരിന്റെ സീസൺ ഇങ്ങനെ

14 കളികൾ

5 ജയം

8 തോൽവി

11 പോയിന്റ്

6

ആദ്യ ആറ് മത്സരങ്ങൾ തുടർച്ചയായി തോറ്റതാണ് വിരാട് കൊഹ്‌ലിയുടെ ടീമിന് തിരിച്ചടിയായത്.

ഏഴാമത്തെ മത്സരത്തിൽ പഞ്ചാബിനെതിരെയായിരുന്നു ആദ്യജയം.

പഞ്ചാബിനെ രണ്ട് തവണയും കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവരെ ഓരോ തവണയും തോൽപ്പിച്ചു. രാജസ്ഥാനെതിരായ ഒരു മത്സരം മഴയെടുത്തു.

പറയുന്നതുപോലെ ഞങ്ങൾക്ക് അത്ര മോശം സീസണാണെന്ന് തോന്നുന്നില്ല. ആദ്യഘട്ടത്തിൽ തുടർച്ചയായി തോൽവികൾ ഏറ്റുവാങ്ങിയെന്നത് ശരിതന്നെ. എന്നാൽ അവസാന ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ജയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

വിരാട് കൊഹ്‌ലി

ബാംഗ്ളൂർ ക്യാപ്ടൻ