അവസാന മത്സരത്തിൽ ചെന്നൈയെ
തോൽപ്പിച്ചിട്ടും
പഞ്ചാബ് കിംഗ്സ് ഇലവൻ
പ്ളേ ഒഫ് കാണാതെ പുറത്ത്
മൊഹാലി : പ്രതീക്ഷകളൊന്നുമില്ലാതിരുന്ന അവസാന മത്സരത്തിൽ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച ആശ്വാസവുമായി പഞ്ചാബ് കിംഗ്സ് ഇലവൻ ഐ.പി.എല്ലിൽ പ്ളേ ഒഫ് കാണാതെ പുറത്തായി.
ഇന്നലെ മൊഹാലിയിലെ ഹോംഗ്രൗണ്ടിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ചെന്നൈയെ ബാറ്റിംഗിനയച്ച് 170/5 എന്ന സ്കോറിൽ ഒതുക്കിയശേഷം രണ്ടോവർ ബാക്കി നിൽക്കെ നാലുവിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ഓപ്പണർ കെ.എൽ. രാഹുൽ നേടിയ അർദ്ധ സെഞ്ച്വറിയാണ് (71) പഞ്ചാബിന് ചേസിംഗ് വിജയം നൽകിയത്. ഈ സീസണിൽ പഞ്ചാബിന്റെ ആറാം വിജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുനിന്ന് ഉയർന്ന ആറാമതായി ഫിനിഷ് ചെയ്തു.
ഷേൻ വാട്ട്‌സണെ (7) തുടക്കത്തിലേ കറാന്റെ ക്ളീൻ ബൗൾഡിലൂടെ നഷ്ടമായതിന്റെ ആഘാതത്തിൽ നിന്ന് ഡുപ്ളെസിയും (55 പന്തുകളിൽ 96 റൺസ്) സുരേഷ് റെയ്‌നയും (38 പന്തുകളിൽ 53 റൺസ്) ചേർന്നാണ് ചെന്നൈയെ രക്ഷിച്ചത്. രണ്ടാംവിക്കറ്റിന് 120 റൺസ് ഇവർ കൂട്ടിച്ചേർത്തു. 17-ാം ഓവറിൽ ടീം സ്കോർ 150 ൽ നിൽക്കവേ കറാൻ തന്നെ റെയ്‌നയെ പുറത്താക്കി. തുടർന്ന് ഡുപ്ളെസിയും കറാനിരയായി. ഇതോടെ അവസാന 20 പന്തുകളിൽ 20 റൺസ് മാത്രം നേടിയ ചെന്നൈ 170/5 ൽ അവസാനിച്ചു. ധോണി 12 പന്തുകളിൽ 10 റൺസുമായി പുറത്താകാതെ നിന്നപ്പോൾ അമ്പാട്ടി (1), കേദാർ (0) എന്നിവരെ അവസാന ഓവറിൽ ഷമി പുറത്താക്കി.
മറുപടിക്കിറങ്ങിയ പഞ്ചാബിന് രാഹുലും ഗെയ്‌ലും (28) ചേർന്ന് 63 പന്തിൽ 108 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി അടിത്തറ പാകി. 36 പന്തുകൾ നേരിട്ട രാഹുൽ ഏഴ് ഫോറും അഞ്ച് സിക്സും പറത്തി. 11-ാം ഓവറിൽ ഹർഭജനാണ് രാഹുലിനെ പുറത്താക്കിയത്. തൊട്ടടുത്ത പന്തിൽ ഗെയ്‌ലും മടങ്ങി. എന്നാൽനിക്കോളാസ് പുരാൻ (36), മൻദീപ് സിംഗ് (11), കറാൻ (6) എന്നിവർ ചേർന്ന് പഞ്ചാബിനെ വിജയത്തിലെത്തിച്ചു.
കെ.എൽ. രാഹുലാണ് മാൻ ഒഫ് ദ മാച്ച്.
സ്കോർ കാർഡ്
ചെന്നൈ സൂപ്പർ കിംഗ്സ് 170/5 (20)
ഡുപ്ളെസി 96, റെയ്‌ന 53
കറാൻ 3/35
ഷമി 2/17
പഞ്ചാബ് കിംഗ്സ് 173/4 (18)
കെ.എൽ. രാഹുൽ 71, പുരാൻ 36, ഗെയ്‌ൽ 28
ഹർഭജൻ 3/57
593
ഈ സീസൺ ഐ.പി.എല്ലിലെ ഏറ്റവും മികച്ച രണ്ടാമത്തെ റൺ വേട്ടക്കാരനായാണ് കെ.എൽ. രാഹുൽ ഫിനിഷ് ചെയ്തിരിക്കുന്നത്.
692
റൺസ് നേടിയ ഡേവിഡ് വാർണറാണ് ഓറഞ്ച് ക്യാപ്പിന്റെ നിലവിലെ ഉടമ.
14
മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും ആറ് അർദ്ധ സെഞ്ച്വറികളും രാഹുൽ ഈ സീസണിൽ നേടി.
100
മുംബയ് ഇന്ത്യൻസിനെതിരെയാണ് രാഹുൽ ഐ.പി.എൽ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്.
19
പന്തിൽ ഇന്നലെ രാഹുൽ അർദ്ധ സെഞ്ച്വറി നേടി. ഈ സീസണിലെ വേഗതയേറിയ മൂന്നാമത്തെ അർദ്ധ സെഞ്ച്വറി. ഹാർദിക് പാണ്ഡ്യ 17 പന്തുകളിലും ഋഷഭ് പന്ത് 18 പന്തിലും അർദ്ധ സെഞ്ച്വറി തികച്ചിരുന്നു.
25
സിക്സുകളാണ് രാഹുൽ ഈ സീസണിൽ പറത്തിയത്.
പോയിന്റ് ടേബിൾ
ടീം, കളി, ജയം, തോൽവി, പോയിന്റ് ക്രമത്തിൽ
ചെന്നൈ 14-9-5-18
ഡൽഹി 14-9-5-18
മുംബയ് 13-8-5-16
ഹൈദരാബാദ് 14-6-8-12
കൊൽക്കത്ത 13-6-7-12
പഞ്ചാബ് 14-6-8-12
രാജസ്ഥാൻ 14-5-8-11
ബാംഗ്ളൂർ 14-5-8-11
ഇന്നലത്തെ രണ്ടാംമത്സരത്തിന് മുമ്പുള്ള നില
പ്ളേ ഒഫ് നാളെ മുതൽ
ഇന്ന് ഐ.പി. എല്ലിൽ മത്സരങ്ങളില്ല പ്ളേ ഒഫിന് നാളെ തുടക്കമാകും. നാളെ ഒന്നാം ക്വാളിഫയർ ചെന്നൈയിലും ബുധനാഴ്ച എലിവിനേറ്റർ വിശാഖപട്ടണത്തും നടക്കും. വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയർ ഫൈനൽ 12ന്.