kothayar

തിരുവനന്തപുരം: കന്യാകുമാരിയിലെ കോതയാറിലേക്ക് അവധി ആഘോഷിക്കാൻ പോയ യുവാക്കളുടെ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് യുവാക്കളുടെയും വീട്ടുകാരും ബന്ധുക്കളും വിശ്വസിക്കാനാകാതെ തളർന്നിരിപ്പാണ്. വെള്ളായണി കാർഷിക കോളേജിലെ താത്കാലിക ജീവനക്കാരൻ വെള്ളായണി വണ്ടിത്തടം പൊറ്റവിള വീട്ടിൽ മോഹനന്റെ മകൻ അരുൺ മോഹൻ (23), പാറശാല ഉച്ചക്കട പ്ളാമൂട്ടുക്കട വിഷ്ണു നിവാസിൽ വിജയന്റെ മകൻ വിഷ്ണു (24), പാങ്ങപ്പാറ വിവേക് വില്ലയിൽ സുഭാഷിന്റെ മകൻ ശന്തനു (24) എന്നിവരാണ് ദാരുണമായി മരിച്ചത്.

വെള്ളറടയിലെ കുരിശുമലയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ മൂവരും ഒരു ബൈക്കിലും ഹോണ്ട ഡിയോ സ്കൂട്ടറിലുമായി യാത്ര തിരിച്ചത്. വഴിക്ക് വച്ചാണ് അവർ പദ്ധതി മാറ്റി കോതയാറിലേക്ക് പോകാൻ തീരുമാനിച്ചത്. കന്യാകുമാരി ജില്ലയിലെ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന കോതയാർ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ്. മാർത്താണ്ഡത്ത് നിന്ന് പേച്ചിപ്പാറ വഴി 20 കിലോമീറ്റർ സഞ്ചരിച്ചാൽ കോതയാറിലെത്താം. കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിരവധി വിനോദസഞ്ചാരികൾ അവധിക്കാലം ആഘോഷിക്കാനായി പതിവായി ഇവിടെ എത്താറുണ്ട്. കാഴ്ചകൾ കണ്ട ശേഷം ഉച്ചയ്ക്ക് 3.30ഓടെയാണ് മൂവരും ലോവർ കോതയാറിലെ കുളിക്കടവിലെത്തിയത്. സാധാരണയായി ഇവിടെയെത്തുന്നവർ‌ക്ക് കുളിക്കാനായി രണ്ട് കുളിക്കടവുകളുണ്ട്. ഇത് കൂടാതെ അധികമാരും പോകാത്ത ഒരു കുളിക്കടവ് കൂടി അവിടെയുണ്ട്. അവിടെയാണ് ഇവർ മൂവരും കുളിക്കാനായി ഇറങ്ങിയത്. പാറക്കൂട്ടത്തിന് നടുവിലുള്ള വെള്ളക്കെട്ടിൽ വിഷ്ണുവാണ് ആദ്യം ഇറങ്ങിയത്. കരയിൽ നിൽക്കുകയായിരുന്നു അരുണും ശന്തനുവും. നീന്താൻ അറിയാമായിരുന്നത് കാരണമാണ് വിഷ്ണു വെള്ളത്തിൽ ഇറങ്ങിയത്. എന്നാൽ കുഴിയിലേക്ക് താഴ്ന്നുപോകുകയായിരുന്നു. വിഷ്ണുവിന്റെ നിലവിളി കേട്ട് ശന്തനുവും അരുണും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നീന്തലറിയാത്തതിനാൽ മൂവരും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. അപകടം നടന്നതിന് മുകളിലും താഴെയുമായാണ് മറ്റ് രണ്ട് കുളിക്കടവുകൾ സ്ഥിതി ചെയ്യുന്നത്. കടവിൽ വെള്ളം ഇളകുന്നത് കണ്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൂവരെയും മുങ്ങിത്താഴ്ന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. കുലശേഖരം പൊലീസെത്തിയാണ് മൃതദേഹങ്ങൾ കരയ്ക്കെടുത്ത് നാഗർകോവിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

കാർഷിക കോളേജിൽ നാലാം വർഷ ഇന്റഗ്രേറ്റഡ് ബയോടെക്നോളജി വിദ്യാർത്ഥിയായ വിഷ്‌ണു പഠിക്കാൻ മിടുക്കനാണ്. സുഹൃത്തുക്കളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന വിഷ്ണു രാഷ്ട്രീയ-സംഘടനാപ്രവർത്തനങ്ങളിലൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇടത്തരം സാമ്പത്തിക സ്ഥിതിയാണ് വിഷ്ണുവിന്റെ കുടുംബത്തിന്റേത്. ഗൾഫിലായിരുന്ന വിഷ്ണുവിന്റെ അച്ഛൻ ആറ് വർ‌ഷം മുമ്പ് നാട്ടിൽ മടങ്ങിയെത്തി. ആൾക്കാരുമായി പൊതുവേ അകലം സൂക്ഷിക്കുന്ന വിഷ്ണുവിന് പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. പഠിത്തം കഴിഞ്ഞു വിഷ്ണുവിന് ജോലി ലഭിക്കുമ്പോൾ വീടിന്റെ ചുമതല ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടമ്മയായ അമ്മ ജയലക്ഷ്മി. ഇളയ സഹോദരി വിഷു പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

വണ്ടിത്തടം പൊറ്റവിള വീട്ടിൽ മോഹനന്റെയും രജനിയുടെയും മകനായ അരുൺ മോഹനനിലൂടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മോഹനൻ കൂലിവേല ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. അമ്മ രജനി തൊഴിലുറപ്പ് തൊഴിലാളിയാണ്. സഹോദരി ആതിര മോഹൻ വിവാഹിതയാണ്. മരിച്ച അരുൺ വെള്ളായണി കാർഷിക കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ ഫാം വർക്കറായി ജോലി നോക്കുകയായിരുന്നു.
രാത്രി വൈകിയും അരുണിന്റെ മരണവിവരം മാതാപിതാക്കളെയും സഹോദരിയെയും അറിയിച്ചിട്ടില്ല. മോഹനന് അസുഖങ്ങൾ കാരണം പലപ്പോഴും ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. രജനിയും രോഗബാധിതയാണ്. ഹോളോബ്രിക്സ് കൊണ്ട് നിർമ്മിച്ച ഷീറ്റ് മേഞ്ഞ വീട്ടിലാണ് കുടുംബം താമസിക്കുന്നത്.

ശന്തനു കോളേജിൽ നിന്ന് കഴിഞ്ഞ വർഷം പഠനം കഴിഞ്ഞ് പുറത്തിറങ്ങി. കൊല്ലം സ്വദേശിയായ റിട്ട. പൊലീസുകാരന്റെ മകനാണ് ശന്തനു. മറ്റൊരു സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന ശന്തനു കാൻസർ ബാധയെ തുടർന്നാണ് വെള്ളായണി കാർഷിക കോളേജിലേക്ക് മാറിയത്. രോഗം ഭേദമായി വരികയായിരുന്നു.