flood

കൊച്ചി: പ്രളയത്തിൽ മുങ്ങിയ വാഹനങ്ങൾ ചോദിക്കുന്ന വിലയ്ക്ക് വാങ്ങി ഭീകര പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും കൈമാറുന്ന വാഹന കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും കൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന് ആക്ഷേപം. ഒരു മാസം മുമ്പ് ഒരു റിട്ട. പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഇദ്ദേഹം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതിയോടൊപ്പം കണ്ടെത്തിയ വിവരങ്ങളും നൽകി.

പ്രാഥമിക അന്വേഷണം വേഗത്തിലാക്കിയെങ്കിലും കേസ് സി.ഐ തലത്തിലേക്ക് കെമാറിയതോടെയാണ് മന്ദഗതിയിലായത്. സ്വയം ചാവേറാകാൻ ആഗ്രഹിച്ചിരുന്നതായി കഴിഞ്ഞ ദിവസം ഐസിസ് കേസിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തുടനീളം സുരക്ഷ വർദ്ധിപ്പിച്ചിരിക്കെയാണ് വൻതോതിൽ വാഹനങ്ങൾ വാങ്ങിക്കൂട്ടിയ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും പൊലീസ് തുടർ നടപടികൾ വൈകിപ്പിക്കുന്നത്.

തലവൻ മഹാവീർ

ചെന്നൈ സ്വദേശി മഹാവീറാണ് വാഹന കടത്ത് സംഘത്തിന്റെ തലവൻ. ചെന്നൈ സിറ്റി പൊലീസിലെ ക്രൈം സ്‌ക്വാഡ് അംഗമായിരുന്നു ഇയാൾ. ചില ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ഇപ്പോൾ സസ്‌പെൻഷനിലാണ്. പ്രാഥമിക അന്വേഷണത്തിൽ മഹാവീർ ഒളിവിലാണെന്നാണ് കണ്ടെത്തിയത്. പരാതി നൽകിയ റിട്ട. പൊലീസ് മേധാവിയും ഇയാളെ തിരക്കി ചെന്നൈയിൽ എത്തിയിരുന്നു. ആവശ്യപ്പെട്ട പണം വാങ്ങി കാറ് നൽകിയെങ്കിലും മഹാവീർ ഓണർഷിപ്പ് മാറ്റിയിരുന്നില്ല. ഇത് അന്വേഷിക്കാനാണ് റിട്ട. ഉദ്യോഗസ്ഥൻ ചെന്നൈയ്ക്ക് വണ്ടികയറിയത്. മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിൽ മഹാവീറിനെ കണ്ടെത്തി. എന്നാൽ,​ ഓണർഷിപ്പ് മാറ്റാമെന്ന് പറഞ്ഞെങ്കിലും ഇയാൾ അത് ചെയ്യാൻ കൂട്ടാക്കിയില്ല. ഇതിനിടെയാണ് മഹാവീർ പൊലീസുകാരനാണെന്ന് മനസിലായത്. തുടർന്ന് ചെന്നൈ ഡി.സി.പി മുത്തുസ്വാമിയെ കാര്യങ്ങൾ ധരിപ്പിച്ചു. പിന്നീടാണ് മഹാവീർ വലിയ തട്ടിപ്പ് സംഘത്തിന്റെ തലവനാണെന്ന് തിരിച്ചറിഞ്ഞത്. വാഹനം വാങ്ങാൻ എത്തിയപ്പോൾ മഹാവീറിന്റെ തിരിച്ചറിയൽ കാർഡ് പൊലീസ് മേധാവി വാങ്ങിയിരുന്നു. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.

തട്ടിപ്പ് ഇങ്ങനെ

പ്രളയത്തിൽ കേടുപാടുപറ്റിയ വാഹനങ്ങൾ ഇൻഷ്വറൻസ് സർവേയർമാർ പരിശോധിക്കും. ഇവരാണ് വാഹനം വാങ്ങാൻ ആളുണ്ടെന്ന വിവരം ഉടമകളെ അറിയിക്കുന്നത്. ഇത്തരത്തിൽ ഇൻഷ്വറൻസ് സർവേയർ മുൻ പൊലീസ് മേധാവിയെ സമീപിച്ചു. രണ്ടു ദിവസത്തിനുള്ളിൽ മഹാവീർ വീട്ടിലെത്തി. പറഞ്ഞ വില കുറവാണെന്ന് പറഞ്ഞപ്പോൾ എത്ര വേണമെന്നായി. ചോദിച്ച തുകയ്ക്ക് കച്ചവടം ഉറപ്പിച്ചു. ഒരു മാസത്തിനുള്ളിൽ ഓണർഷിപ്പ് മാറാമെന്നും അറിയിച്ചു. കച്ചവടം ഉറപ്പിച്ചതോടെ നിമിഷങ്ങൾക്കകം അക്കൗണ്ടിൽ പണമെത്തുകയായിരുന്നു. സംസ്ഥാനത്ത് നിന്നും ഇങ്ങനെ നിരവധി വാഹനങ്ങൾ ഇവർ വാങ്ങിയിട്ടുണ്ട്.

മൊഴിയെടുക്കും

കേസ് അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരനായ മുൻ പൊലീസ് മേധാവിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും തുടർ നടപടി കൈക്കൊള്ളുക. പ്രതിയ പിടികൂടുമെന്ന കാര്യത്തിൽ വീഴ്ച ഉണ്ടാകില്ല.

കൊച്ചി സിറ്റി പൊലീസ്