''ഒന്നു പറഞ്ഞുതാ വിവേകേ..."
പാഞ്ചാലി കെഞ്ചി.
''ങൂഹൂം." ഫോണിലൂടെ കുസൃതി നിറഞ്ഞ വിവേകിന്റെ ശബ്ദം പാഞ്ചാലി കേട്ടു.
അവർ പിന്നെയും കുറേ നേരം സംസാരിച്ചിരുന്നു.
അവസാനം മുറ്റത്ത് കാർ വന്നു നിൽക്കുന്നതിന്റെ ശബ്ദം.
''വിവേക്. പിന്നെ വിളിക്കാം. മമ്മിയുമൊക്കെ വന്നെന്നു തോന്നുന്നു."
പാഞ്ചാലി വേഗം കാൾ മുറിച്ചു.
അടുത്ത ദിവസം പ്രഭാതം.
ചെടികളുടെ സൗന്ദര്യം ആസ്വദിച്ച് മുറ്റത്തു കൂടി നടക്കുകയായിരുന്നു പാഞ്ചാലി.
സൂസൻ അവൾക്കരുകിലേക്കു ചെന്നു.
''ങാ..... ആന്റീ..."
പാഞ്ചാലി തിരിഞ്ഞു നോക്കി.
''നാളെ വൈകിട്ട് നമ്മൾ വീണ്ടും വിവേകിനെ കാണുന്നു. ആഢ്യൻപാറയിൽ വച്ചുതന്നെ."
സൂസൻ അറിയിച്ചു.
പാഞ്ചാലിയുടെ മുഖം പ്രഭാത സൂര്യനെപ്പോലെ ആയി.
''ശരിക്കും?"
''അതേന്നേ..."
''മമ്മി സമ്മതിക്കുമോ?" പാഞ്ചാലിക്ക് സന്ദേഹം.
''സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റെന്നേ."
പാഞ്ചാലിക്ക് ഇതിൽപരം ഒരു സന്തോഷമില്ല.
സൂസൻ തുടർന്നു :
''മോള് ഇന്നുതന്നെ അവനെ വിളിച്ചു പറഞ്ഞേക്കണം."
''പറയാം."
അപ്പോൾത്തന്നെ പാഞ്ചാലി തന്റെ റൂമിലേക്കു പോകുകയും വിവേകിനെ ഫോണിലൂടെ വിവരം അറിയിക്കുകയും ചെയ്തു.
ആ ദിവസം എങ്ങനെയെങ്കിലും അങ്ങു കടന്നു പോയാൽ മതിയായിരുന്നെന്ന് പാഞ്ചാലിക്കു തോന്നി.
അടുത്ത നാൾ.
പ്ളസ് ടുവിന്റെ റിസൾട്ട് വരുന്ന ദിവസം.
ഉച്ചയോടുകൂടിയാണ് പ്രഖ്യാപനം മന്ത്രി നടത്തിയത്.
അപ്പോൾത്തന്നെ വിവേകിന്റെ ഫോൺകാൾ പാഞ്ചാലിയെ തേടിയെത്തി.
''ഞാൻ ജയിച്ചു... നാല് വിഷയങ്ങൾക്ക് എ പ്ളസ് ഉണ്ട്."
പാഞ്ചാലിക്കും സന്തോഷമായി.
''വൈകിട്ട് കാണുമ്പോൾ ചിലവു ചെയ്യണം. കേട്ടോ."
''ഓ. ശരി."
പഴയതുപോലെ മൂന്നര ആയപ്പോഴേക്കും പാഞ്ചാലി തയ്യാറായി.
ഷൂട്ടിംഗ് ഉച്ചവരെയാക്കി സൂസനും മടങ്ങിയെത്തി.
ആ നേരത്ത് വിവേകും ആഢ്യൻപാറയിലേക്കു പോകുവാൻ ഒരുങ്ങുകയായിരുന്നു.
അവൻ സൈക്കിളിൽ കയറാൻ നേരം തിണ്ണയിൽ നിന്ന് രേവതിയുടെ ശബ്ദം വന്നു.
''നീ എങ്ങോട്ടാടാ ഒരുങ്ങിയിറങ്ങുന്നത്?"
''ഒന്നുരണ്ട് കൂട്ടുകാരെ കാണാനുണ്ട്."
അവൻ കള്ളം പറഞ്ഞു.
''നേരം ഇരുട്ടും മുമ്പ് ഇങ്ങ് വന്നേക്കണം."
''വരാം."
അവൻ സൈക്കിളിൽ കയറി.
'എളമ്പിലാക്കോട്" കഴിഞ്ഞപ്പോൾ സൈക്കിളിനു പിന്നിൽ ഒരു കറുത്ത സാൻട്രോ കാർ പ്രത്യക്ഷപ്പെട്ടു.
ആൾത്താമസം ഇല്ലാത്ത ഒരു ഭാഗത്തെത്തിയതും കാർ സൈക്കിളിനെ കടന്ന് തൊട്ടുമുൻപിൽ ബ്രേക്കിട്ടു.
വിവേക് സൈക്കിൾ നിർത്തി.
അടുത്ത നിമിഷം കാറിൽ നിന്ന് രണ്ടുപേർ ചാടിയിറങ്ങി.
അണലി അക്‌ബറും പരുന്ത് റഷീദും. അവർ വിവേകിന്റെ അരുകിലേക്കു വന്നു.
''വിവേകല്ലേ?"
''അതെ." അവൻ ഇരുവരെയും മാറിമാറി നോക്കി.
''വന്നേ... ഒരു കാര്യം പറയട്ട്."
വിവേകിന്റെ പുരികം ചുളിഞ്ഞു. അവന് അവർ രണ്ടുപേരെയും അറിഞ്ഞുകൂടാ....
''എന്താ പറയാനുള്ളത്?"
അതിനു മറുപടിയായി പരുന്ത് റഷീദ് അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു.
അണലി അക്‌ബർ വിവേകിന്റെ സൈക്കിൾ ഉയർത്തി കാനയിലേക്കെറിഞ്ഞു.
''ഹേയ്.. നിങ്ങളൊക്കെ ആരാ. എന്താ വേണ്ടത്?"
വിവേക്, പരുന്തിന്റെ കൈ തട്ടിക്കളയാൻ ശ്രമിച്ചു.
പക്ഷേ കഴിഞ്ഞില്ല. അയാളുടെ പിടി ഒന്നുകൂടി മുറുകി.
''ഇങ്ങോട്ട് വാടാ."
അണലികൂടി ചേർന്ന് അവനെ കാറിനുള്ളിലേക്ക് വലിച്ചിഴച്ചു.
''ഏയ് വിടാൻ.."
അവൻ ശബ്ദമുയർത്തി.
''മിണ്ടിപ്പോകരുത്."
അണലി ഒരു കഠാര വലിച്ചെടുത്ത് അവന്റെ ഇടുപ്പിൽ അമർത്തി.
വിവേക് ഉച്ചത്തിൽ നിലവിളിക്കാനാഞ്ഞു. ആ ക്ഷണം അണലി അവന്റെ വാ പൊത്തി.
ശേഷം ഡോർ തുറന്ന് അവനെ കാറിന്റെ പിൻസീറ്റിലേക്കു വലിച്ചുകയറ്റി.
പരുന്തും അണലിയും അവന്റെ ഇരുവശത്തും ഇരുന്നു.
''വണ്ടി വിട്ടോടാ."
പരുന്ത് ഡ്രൈവർക്കു നിർദ്ദേശം നൽകി.
കാർ മിന്നൽ വേഗത്തിൽ മുന്നോട്ടു കുതിച്ചു.
അണലി, വിവേകിന്റെ കൈകൾ പിന്നിലേക്കു പിടിച്ചു തിരിച്ചു.
''ഇനി നീ എത്ര നിലവിളിച്ചാലും ഈ കാറിനുള്ളിൽ നിന്ന് ശബ്ദം പുറത്തേക്കു പോകില്ലെടാ."
പരുന്തു ചിരിച്ചു.
ആ സമയത്തുതന്നെ ഡ്രൈവർ കാറിലെ സ്റ്റീരിയോ ഓൺ ചെയ്ത് വോളിയം കൂട്ടിവച്ചു.
പരുന്ത് ഒരു സിറിഞ്ചും ഒരു ചെറിയ ബോട്ടിൽ മരുന്നും എടുക്കുന്നതു കണ്ട് വിവേക് നടുങ്ങി.
''പ്ളീസ്..... എന്നെ ഉപദ്രവിക്കരുത്..." അവൻ പറഞ്ഞുതീരുംമുൻപ് പരുന്ത് സൂചി കുത്തിയിറക്കി.
വിവേകിന്റെ കയ്യിൽ...
(തുടരും)