periya-murder

കാസർകോട്: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം നടന്ന പെരിയ കല്ല്യോട്ട് വീണ്ടും സംഘർഷം. കോൺഗ്രസ്, സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലും ബോംബേറിലും അക്രമത്തിലും കോൺഗ്രസ്, സി.പി.എം പ്രവർത്തകരുടെ വീടുകൾ തകർന്നു. പൊലീസുകാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഘർഷത്തിന് തുടക്കം.

ബോംബേറിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കല്ല്യോട്ട് ടൗണിൽ ഇന്ന് രാവിലെ മുതൽ കോൺഗ്രസ് ഹർത്താൽ നടത്തുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കല്ല്യോട്ട് കുമ്പളയിലെ ദീപുവിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്. രണ്ടുതവണ ബോംബുകൾ എറിഞ്ഞതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്താണ് ദീപു. വീടിന്റെ ചുമരിൽ ആണ് ബോംബുകൾ പതിച്ചത്. ജനൽ ഗ്ലാസുകളും പൈപ്പുകളും പൊട്ടിയിട്ടുണ്ട്.

ഈ സംഭവത്തിന് പിന്നാലെ സി.പി.എം പ്രവർത്തകനും കല്ല്യോട്ട് ടൗണിലെ വ്യാപാരിയുമായ വത്സരാജിന്റെ വീടിനും വാഹനങ്ങൾക്കും നേരെ ഒരു സംഘം ആക്രമണം നടത്തി. വീട് പൂർണ്ണമായി അടിച്ചു തകർത്തു. കാർ, ജീപ്പ്, ടിപ്പർ ലോറി, മിനി ലോറി, പിക്കപ്പ് വാൻ അടക്കം അഞ്ചു വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും ചെയ്തു. കല്ല്യോട്ട് താന്നിയടി റോഡിലുള്ള വീടിന് നേരെയാണ് അക്രമം നടന്നത്. സി.പി.എം ലോക്കൽ കമ്മറ്റി അംഗം എം ബാലകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചു തകർത്തു.

കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായി വത്സരാജിന്റെ കല്ല്യോട്ട് ടൗണിലെ മലഞ്ചരക്ക് കട കത്തിച്ചിരുന്നു. അതിന് ശേഷം അടുത്ത നാളിലാണ് വത്സരാജ് കട നിർമ്മാണ പ്രവർത്തനം നടത്തി പൂർവ്വസ്ഥിതിയിലാക്കിയത്. അക്രമങ്ങൾക്ക് ശേഷം ഇന്നലെ അർദ്ധരാത്രിയോടെ കല്ല്യോട്ട് ടൗണിൽ സംഘടിച്ചു നിന്ന കോൺഗ്രസ് പ്രവർത്തകരോട് പിരിഞ്ഞുപോകാൻ സ്ഥലത്തെത്തിയ പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ നിന്നവരെ ബലം പ്രയോഗിച്ചു മാറ്റാൻ നോക്കി. കോൺഗ്രസ് പ്രവർത്തകർ പൊലീസിനെതിരെ തിരിഞ്ഞതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

ലാത്തികൊണ്ട് തലക്കടിയേറ്റ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിലും അക്രമത്തിലും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. പൊലിസുകാരായ പ്രദീപൻ, ശരത്, സുമേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ പ്രദീപന്റെ കൈയൊടിഞ്ഞ നിലയിലാണ്. അക്രമത്തിനിടയിൽ നിലത്ത് വീണാണ് കൈയൊടിഞ്ഞത്. പരിക്കേറ്റ പൊലീസുകാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തിയടി കൊണ്ട് പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരായ ഗോപകുമാർ, ഗിരീഷ്, സനൽ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അക്രമ വിവരം അറിഞ്ഞ് എത്തിയ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ടി.എൻ സജീവനും സംഘവും പൊലീസിനെ ആക്രമിച്ച ഒമ്പത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. സംഘർഷമുണ്ടായ കല്ല്യോട്ട് പ്രദേശത്ത് പൊലീസ് കാവൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. അക്രമത്തിൽ ഏർപ്പെട്ട ഒമ്പത് പ്രവർത്തകരെ കൂടുതൽ പൊലീസ് എത്തി വളഞ്ഞു പിടിക്കുകയായിരുന്നു. രാത്രി 12 മണിയോടെയാണ് പൊലീസിന് നേരെ അക്രമം നടന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ദീപുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞുവെന്ന പ്രചാരണം കോൺഗ്രസ് പ്രവർത്തകർ ആസൂത്രണം ചെയ്ത നാടകം മാത്രമാണെന്ന് സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി രാജ്‌മോഹൻ പറഞ്ഞു. ബോബെറിഞ്ഞുവെന്ന് പറയുന്ന സംഭവത്തിന് പിന്നിൽ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ല. സി.പി.എം അനുഭാവികളായ വത്സരാജിന്റെയും ലോക്കൽ കമ്മറ്റി മെമ്പർ ബാലകൃഷ്ണനെയും വീടുകൾക്ക് നേരെ ആക്രമണം നടത്താൻ അവർ ഉണ്ടാക്കിയ തിരക്കഥ മാത്രമാണ് ബോംബേറ് സംഭവം. രാത്രി സ്ത്രീകൾ അടക്കം സംഘടിച്ചു എത്തിയത് ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് തെളിയിക്കുന്നതാണ്. മൂന്ന് ദിവസം മുമ്പാണ് സി.പി.എം അനുഭാവി ജോഷിയെയും കുഞ്ഞിനേയും കല്ല്യോട്ട് ടൗണിൽ വെച്ച് വീരപ്പൻ ദാമോദരൻ എന്നുപറയുന്ന കോൺഗ്രസ് പ്രവർത്തകൻ കൈയേറ്റം ചെയ്തതെന്നും രാജ്‌മോഹൻ പറഞ്ഞു.