novel

തന്റെ സിരകളിലേക്ക് ലാവ പ്രവഹിക്കുന്നതുപോലെ തോന്നി വിവേകിന്.

''ഹാ..." പല്ലു കടിച്ചുകൊണ്ട് അവൻ തലകുടഞ്ഞു.

പരുന്ത് റഷീദ് അവന്റെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ട് സിറിഞ്ചിലെ മരുന്ന് അത്രയും അവന്റെ കയ്യിലേക്ക് കയറ്റി.

പിന്നെ സിറിഞ്ച് കാറിന്റെ ഡിക്കിയിലേക്കിട്ടു.

തലച്ചോറിലേക്ക് ഒരു നീറ്റൽ പടർന്നുകയറുന്നത് വിവേക് അറിഞ്ഞു. ഒപ്പം ശരീരത്തിനു ഭാരം നഷ്ടമാകുന്നതു പോലെ....

അണലി അക്‌ബർ അവനിലെ പിടി അയച്ചു. എങ്കിലും പിന്നീട് വിവേക് കുതറിയില്ല...

''മോനേ വിവേകേ... നിനക്ക് തന്ന ഇൻജക്‌ഷൻ എന്തിന്റേതാണെന്ന് അറിയാമ്മോ?"

പരുന്ത് പരിഹസിച്ചു.

''നൈട്രോ സെപാം" എന്ന് പറയും."

വിവേക് ഒരു മദ്യപാനിയെപ്പോലെ അടഞ്ഞു വരുന്ന കൺപോളകൾ വലിച്ചു തുറന്ന് പരുന്തിനെ നോക്കി.

പരുന്ത് തുടർന്നു:

''ഈ നിമിഷം മുതൽ നാളെ ഈ സമയം വരെ ഇനി എന്തു നടക്കുന്നുവെന്നു പോലും നീ അറിയത്തില്ല."

അയാൾ പറയുന്നതുപോലും വിവേക് കേട്ടില്ല.. പിന്നിലേക്കു ചാരി അവൻ കണ്ണടച്ചിരുന്നു.

ആഢ്യൻ പാറ.

റോഡിൽ നിന്ന് പാർക്കിംഗ് ഏരിയയിലേക്ക് തിരിയുന്ന ഭാഗത്ത് സാൻട്രോ കാർ നിർത്തി അവർ കാത്തിരുന്നു.

പത്തു മിനിട്ടുകൾ കഴിഞ്ഞു. കയറ്റം കയറി, സൂസന്റെ ഇന്നോവ വന്ന് അല്പം അകലെ പാർക്കു ചെയ്തു.

പരുന്തും അണലിയും അത് ശ്രദ്ധിച്ചു.

കാറിൽ നിന്ന് സൂസനും പാഞ്ചാലിയും ഇറങ്ങുന്നു.

''ഇവനെ വിട്ടേക്കാം."

പരുന്ത്, അണലിയെ നോക്കി.

അണലി ഡോർ തുറന്ന് ആദ്യമിറങ്ങി. ശേഷം ഒരു കൊച്ചു കുഞ്ഞിനെ എന്നവണ്ണം വിവേകിനെ കൈ പിടിച്ചിറക്കി.

''ദാ... അവരുടെ അടുത്തേക്ക് പൊയ്‌ക്കോ."

അയാൾ സൂസന്റെയും പാഞ്ചാലിയുടെയും നേർക്ക് കൈ ചൂണ്ടി.

അനുസരണയോടെ വിവേക് അവർക്കു സമീപത്തേക്കു നടന്നു.

''ഹായ്... വിവേക്."

അവനെ കണ്ട് പാഞ്ചാലി പുഞ്ചിരിച്ചു.

വിവേകിൽ പക്ഷേ പ്രതികരണമൊന്നും ഉണ്ടായില്ല.

''ഏയ്.. നീ എന്താ സ്വപ്നം കണ്ടുകൊണ്ട് നടക്കുകയാണോ?"

പാഞ്ചാലി തിരക്കി.

വിവേക് വെറുതെ തലയാട്ടി.

സൂസന് കാര്യം മനസ്സിലായി.

അണലിയും പരുന്തും വാക്കുപാലിച്ചിരിക്കുന്നു!

''മോളേ... ഇവൻ മദ്യപിച്ചിട്ടുണ്ടോ?"

സൂസൻ സംശയം ഭാവിച്ചു.

പാഞ്ചാലി അവനെ കണ്ണുകൾ കൊണ്ട് അളന്നു.

''എന്തോ കുഴപ്പമുണ്ട് ആന്റീ..."

''സാരമില്ല. നീ അവന്റെ കൈയ്ക്കു പിടിച്ചോ. നമുക്ക് താഴേക്കു പോകാം. ഈ അവസ്ഥയിൽ ഇവനെയും നമ്മളെയും ആരും ശ്രദ്ധിക്കാൻ പാടില്ല..."

''വരൂ വിവേക്."

പാഞ്ചാലി അവന്റെ കൈയ്ക്കു പിടിച്ചു.

അനുസരണയോടെ അവൻ അവൾക്കൊപ്പം നടന്നു.

''മദ്യത്തിന്റെ മണമൊന്നും ഇവനില്ല ആന്റീ. ഇത് വേറെ എന്തോ ആണ്."

പാഞ്ചാലി, സൂസനു നേർക്ക് തിരിഞ്ഞു.

''എന്തുമാകട്ടെ. താഴെപ്പോയി പാറപ്പുറത്തിരുന്ന് കാറ്റ് ഏൽക്കുമ്പോൾ ഒക്കെ ശരിയായിക്കൊള്ളും."

അവർ പ്രവേശന കവാടത്തിലെത്തി.

സൂസൻ ടിക്കറ്റെടുത്തു.

പാഞ്ചാലി വിവേകിന്റെ കയ്യിലെ പിടി വിടാതെ സൂക്ഷിച്ച് അവനെ പടിക്കെട്ടുകളിറക്കി.

തങ്ങളുടെ ജോലി പൂർത്തിയാക്കിയ പരുന്തും അണലിയും അവിടെ നിന്നു മാറി.

വെള്ളം കുത്തിയൊഴുകുന്നതിനരുകിൽ സൂസനും പാഞ്ചാലിയും വിവേകും എത്തി.

ധാരാളം ടൂറിസ്റ്റുകൾ വെള്ളത്തിൽ ചാടുകയും കൈക്കുമ്പിളിൽ വെള്ളം കോരി മുഖം കഴുകുകയും ചെയ്യുന്നു.

ഓരോരുത്തരും തങ്ങളുടെ ലോകത്താണ്.

അതിനാൽത്തന്നെ പാഞ്ചാലിയെയും വിവേകിനെയുമൊന്നും ആരും ശ്രദ്ധിക്കുന്നില്ല.

മൂവരും ഒരു പരന്ന പാറയിൽ ഇരുന്നു.

''വിവേക്.... നീ എന്താ ഒന്നും മിണ്ടാത്തത്? നിനക്ക് എന്താ പറ്റിയത്?"

അവന്റെ തോളിൽ പിടിച്ച് കുലുക്കിക്കൊണ്ടായിരുന്നു പാഞ്ചാലിയുടെ ചോദ്യം.

അവൻ തലയാട്ടിക്കൊണ്ട് ഒന്നു ചിരിച്ചു. പിന്നെ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

''നമ്മുടെ വിവാഹത്തിന് നിന്റെ മമ്മി സമ്മതിക്കുമോടീ?"

''സമ്മതിക്കും. അല്ലെങ്കിൽ ഞാൻ സമ്മതിപ്പിക്കും."

പറഞ്ഞത് സൂസനാണ്.

''ആന്റിക്കറിയാമോ.. ആ സ്‌ത്രീ ഇവൾടെ അമ്മയല്ല...." പിന്നെയും വിവേകിന്റെ കൺപോളകൾ അടഞ്ഞുവന്നു.

''അറിയാം."സൂസൻ സമ്മതിച്ചു.

സമയം കടന്നുപോയി.

പാഞ്ചാലിക്ക് സങ്കടവും ദേഷ്യവും ഒന്നിച്ചുണ്ടായി.

''എന്നാലും വിവേക്... ഈ നല്ല ദിവസം നീ ഇങ്ങനെ നശിപ്പിക്കരുതായിരുന്നു..."

അവൻ മിണ്ടിയില്ല.

അപ്പോൾ മുകളിൽ നിന്നു മൂന്നുപേർ അവരെ ശ്രദ്ധിക്കുകയായിരുന്നു.

(തുടരും)