isis

കൊല്ലം: ശ്രീലങ്കൻ ചാവേർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഓച്ചിറ സ്വദേശിയായ പ്രവാസിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യും. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി മുഹമ്മദ് ഫൈസലിനോട് (25) അടിയന്തരമായി നാട്ടിലെത്താൻ ബന്ധുക്കൾ മുഖേന എൻ.ഐ.ഐ ആവശ്യപ്പെട്ടതായി വിവരം ലഭിച്ചു.

ഖത്തറിൽ എണ്ണ ഖനന മേഖലയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഫൈസൽ സ്വമേധയാ എത്തിയില്ലെങ്കിൽ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനും ദേശീയ അന്വേഷണ ഏജൻസി നീക്കം ആരംഭിച്ചു. കേരളത്തിൽ പുതുവർഷ വേളയിൽ സ്‌ഫാേടന പരമ്പരകൾ സൃഷ്‌ടിക്കാൻ 2018 സെപ്‌തംബറിൽ പദ്ധതിയിട്ട കോർ ഗ്രൂപ്പുമായി സോഷ്യൽ മീഡിയ വഴി മുഹമ്മദ് ഫൈസൽ നിരന്തരം ബന്ധപ്പെട്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്.

ശ്രീലങ്കൻ ചാവേർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പിടിയിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ, ഐസിസിൽ ചേരാൻ സിറിയയിലേക്ക് പോയ മലയാളികളായ റാഷിദ് അബ്‌ദുള്ള, അഷ്‌ഫാഖ് മജീദ്, അബ്‌ദുൾ ഖയാം എന്നിവർ മുഹമ്മദ് ഫൈസലിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണെന്ന് ദേശീയ അന്വേഷണ ഏജൻസിക്ക് ശ്രീലങ്കൻ രഹസ്യാന്വേഷണ ഏജൻസികൾ വിവരം കൈമാറിയത്രെ.

സിറിയയിൽ നിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നും മുഹമ്മദ് ഫൈസലിനും പാലക്കാട്ട് പിടിയിലായ റിയാസ് അബൂബക്കർ ഉൾപ്പടെയുള്ള ഗ്രൂപ്പിനും നിരന്തരം നിർദേശം ലഭിച്ചിരുന്നതായും അറിയുന്നു. മുഹമ്മദ് ഫൈസൽ രണ്ട് മാസത്തിലൊരിക്കൽ നാട്ടിൽ അവധിക്ക് എത്തുന്നതായുള്ള വിവരം മാത്രമാണ് അസ്വാഭാവികമായി ലഭിച്ചത്. കുടുംബം ശരാശരി ജീവിതമാണ് നയിച്ചു വരുന്നത്. സഹോദരിയുടെ വിവാഹത്തോടെ സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടായതിനെ തുടർന്ന് വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. മാത്രമല്ല നാട്ടിൽ ഒരു ക്രിമിനൽ കേസിൽ പോലും മുഹമ്മദ് ഫൈസൽ ഇതുവരെ പ്രതിയല്ല.