കാസർകോട്: പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ സി.പി.എം നേതാക്കളെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്കുമാർ മൊഴിയെടുത്തു. ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ, മുൻ ഉദുമ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കാസർകോട് ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. വി.പി.പി. മുസ്തഫ, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി രാജ്മോഹൻ എന്നിവരിൽനിന്നുമാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബർ 17ന് രാത്രി ഏഴരയോടെയാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സംഭവത്തിൽ പീതാംബരനെ പാർട്ടി പുറത്താക്കുകയായിരുന്നു. പീതാംബരന്റെ വ്യക്തിപരമായ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം വിശദീകരിച്ചത്. പ്രാദേശിക വിഷയങ്ങളല്ലാതെ സി.പി.എമ്മിന് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു.
എന്നാൽ, സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കോൺഗ്രസ് ആരോപണം. സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും കൊല്ലപ്പെട്ടവരുടെ കുടുംബവും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.